ഡൽഹി മദ്യനയം 2026 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ബി.ജെ.പി; ബി.ജെ.പിയുടെ വ്യാജ പ്രചാരണമെന്ന് ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: ആം ആദ്മി സർക്കാറിന്റെ മദ്യനയത്തിലൂടെ സംസ്ഥാന ഖജനാവിന് 2026 കോടിയുടെ നഷ്ടമുണ്ടായതായി ബി.ജെ.പി. അഴിമതി മൂടിവെക്കാനാണ് ഗുരുതര പരാമർശങ്ങളുള്ള സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെക്കാതിരുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിന്റെ പേജുകളെന്ന രീതിയിൽ ദേശീയ മാധ്യമങ്ങളിൽ വന്ന ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നയം പരാജയപ്പെട്ടുവെന്നും ആം ആദ്മി നേതാക്കള്‍ ക്രമക്കേടുകളിലൂടെ പ്രയോജനം നേടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വിദഗ്ധ സമിതി ശിപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം അവഗണിച്ചു.
നയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭയുടെ അനുമതിയോ ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരമോ ഇല്ലാതെയാണ് എടുത്തതെന്നും നിയമലംഘകര്‍ക്ക് മനഃപൂര്‍വം പിഴ ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ കെജ്രിവാൾ ഉത്തരം പറയണമെന്നും ആരാണ് പണം കൈപ്പറ്റിയതെന്ന് വ്യക്തമാക്കണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടു. അതേസമയം, ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നതായി ബി.ജെ.പിയും അവരുടെ മാധ്യമങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പി ഓഫിസിലാണോ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ മദ്യത്തിന്റെ ചില്ലറ വിൽപന ശൃംഖല നവീകരിക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് 2021ൽ പുതിയ മദ്യനയം അവതരിപ്പിച്ചത്. എന്നാൽ, നയം അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലാണ് കലാശിച്ചത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ കെജ്രിവാളിന് പുറമെ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. എന്നാൽ, തെളിവ് നൽകാൻ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി നേതാക്കൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ബി.ജെ.പി വ്യാജ വിലാസങ്ങളിൽ വോട്ടുചേർക്കുന്നു -ആപ്
ന്യൂഡൽഹി: വ്യാജ വിലാസങ്ങളിൽ വോട്ടർപട്ടികയിൽ പേരുചേർത്ത് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിക്കുകയും ജനാധിപത്യത്തെ തുരങ്കംവെക്കുകയും ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി. വോട്ടർ രജിസ്ട്രേഷൻ ക്രമക്കേടുകളിൽ ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ടെന്നും പാർട്ടി നേതാവ് സഞ്ജയ് സിങ് എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡൽഹിയിൽ ചെറിയ കടകളുടെ വിലാസത്തിൽപോലും വോട്ടിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഡൽഹിയിലെ മുൻ എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ പ്രവേഷ് വർമ ചട്ടം ലംഘിച്ച് എട്ടു മാസമായി എം.പിമാർക്കുള്ള ബംഗ്ലാവ് കൈവശം വെക്കുകയാണ്. തന്റെ ബംഗ്ലാവിന്റെ വിലാസത്തിൽ 33 വോട്ടുകൾ ചേർക്കാൻ അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ട്. തന്റെ വിലാസത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 26ഉം കേന്ദ്രമന്ത്രി കമലേഷ് പാസ്വാൻ 26ഉം വോട്ടുകൾ ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു.
ചില മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുടെ വിലാസത്തിൽനിന്ന് വൻതോതിൽ വോട്ട് ചേർക്കാൻ ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്നുവെന്ന് ബി.ജെ.പി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിന്റെ ആരോപണം. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.