‘ഹര ഹര മഹാദേവ..’ ചൊല്ലാൻ ആവശ്യം; മദ്യപിച്ച് ബഹളം; യാത്രക്കാരനെതിരെ പരാതിയുമായി ഇൻഡിഗോ
text_fieldsഇൻഡിഗോ എയർ ലൈൻസ് (ഫയൽ)
കൊൽക്കത്ത: യാത്രക്കാരൻ മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്ന് ഡൽഹി-കൊൽക്കത്ത ഇൻഡിഗോ എയർലൈൻസ് വിമാനം മൂന്ന് മണിക്കൂറോളം വൈകി. മദ്യപിച്ച് വിമാനത്തിനുള്ളിൽ കയറിയ ആൾ സഹയാത്രികരോട് ‘ഹര ഹര മഹാദേവ’ ചൊല്ലാൻ ആവശ്യപ്പെടുകയും ബഹളം വെക്കുകയും ചെയ്തതായി വിമാന ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. വിമാനം കൊൽക്കത്തയിൽ ഇറങ്ങിയതിനു പിന്നാലെ അഭിഭാഷകനായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈകമാറി.
തിങ്കളാഴ്ചയായിരുന്നു ദൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം ആരംഭിച്ചത്. മദ്യപിച്ച് വിമാനത്തിൽ പ്രവേശിച്ച ഇയാൾ ആദ്യം തന്നെ യാത്രക്കാരോടും ജീവനക്കാരോടും ‘ഹര ഹര മഹാദേവ്’ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി തർകിക്കുകയും ചെയ്തു. വിമാനം പറന്നുയർന്നതിനു പിന്നാലെ ശീതളപാനീയ കുപ്പി ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും, മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും ജീവനക്കാർ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനായിരുന്നു ബഹളം വെച്ചത്.
അതേസമയം, ആരോടും ഏറ്റുചൊല്ലാം പറഞ്ഞില്ലെന്നും ജീവനക്കാരുടെ മതമൊന്നും നോക്കാതെ അവരെ ആശിർവദിച്ചതാണെന്നും യാത്രക്കാരനും പ്രതികരിച്ചു. വ്യോമയാന ചട്ടങ്ങളുടെ ലംഘനത്തിനും യാത്രക്കാരെ ശല്യപ്പെടുത്തിയതിനും ഇയാൾക്കെതിരെ ഇൻഡിഗോ കേസ് ഫയൽ ചെയ്തു. യാത്രക്കാരൻ തിരിച്ചും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

