Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എം.എ ബാധിച്ച കുട്ടിക്ക് ഡൽഹി ജമാ മസ്ജിദിൽ പിരിഞ്ഞത് 6.33 കോടി

text_fields
bookmark_border
People gathered outside Delhis Jama Masjid in an act of community solidarity and support.
cancel
camera_alt

ജമാ മസ്ജിദ്, ന്യൂഡൽഹി (ഫയൽ ചിത്രം)



ന്യൂഡൽഹി: അപൂർവ ജനിതക രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ മാതൃകയായി ഒരു കൂട്ടം യുവാക്കളും വിശ്വാസികളും. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി ഡൽഹി ജമാ മസ്ജിദിന് മുന്നിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾ കൈകോർത്തതോടെ സമാഹരിക്കപ്പെട്ടത് 6.33 കോടി രൂപ. കുഞ്ഞിന് നൽകേണ്ട ജീവൻരക്ഷാ മരുന്നിനായി ആവശ്യമായ 9.7 കോടി രൂപ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖലീഫയും സുഹൃത്തുക്കളും ചേർന്നാണ് ഈ കാരുണ്യയജ്ഞത്തിന് തുടക്കമിട്ടത്.

നടക്കാനും ഇരിക്കാനും എന്തിന് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോലും പരസഹായം ആവശ്യമുള്ള അവസ്ഥയിലാണ് കുഞ്ഞ്. മറ്റു കുട്ടികൾ കളിച്ചുനടക്കുമ്പോൾ തന്റെ മകൾ കിടക്കയിൽ അനങ്ങാനാകാതെ കിടക്കുന്നത് കാണുന്നതിലെ വേദനയാണ് ആ അമ്മ പങ്കുവെച്ചത്. തുടർന്ന് ആശുപത്രി പരിസരത്ത് ആളുകളെ കണ്ട് സഹായം അഭ്യർത്ഥിച്ച യുവാക്കൾ, പിന്നീട് പ്രചാരണം ചരിത്രപ്രസിദ്ധമായ ഡൽഹി ജമാ മസ്ജിദിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ജുമാ നമസ്കാരത്തിന് ശേഷം പള്ളിക്ക് പുറത്തേക്ക് ഇറങ്ങിയ വിശ്വാസികൾക്ക് മുന്നിൽ കുഞ്ഞിന്റെ ചിത്രം പതിച്ച ടി-ഷർട്ടുകൾ ധരിച്ചും ഡിജിറ്റൽ സംഭാവനകൾക്കായി ക്യു.ആർ കോഡുകൾ ഉയർത്തിക്കാട്ടിയുമാണ് യുവാക്കൾ സഹായം അഭ്യർത്ഥിച്ചത്. ഹിന്ദുവായ അമ്മയുടെയും കുഞ്ഞിന്റെയും ദുരവസ്ഥ കണ്ടറിഞ്ഞതോടെ പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് സഹായവുമായി മുന്നോട്ടുവന്നത്. കൈയിലുള്ള പണം നൽകിയും ഡിജിറ്റലായി തുക കൈമാറിയും കുഞ്ഞിന്റെ രോഗശാന്തിക്കായി പ്രാർത്ഥനകൾ നേർന്നും ആളുകൾ കാരുണ്യത്തിന്റെ ഭാഗമായി. സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളിൽ നിന്നും ലഭിച്ച സഹായം വഴി ഇതിനകം 6.33 കോടി രൂപയോളം സ്വരൂപിക്കാൻ കഴിഞ്ഞു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒൻപത് കോടിയിലധികം രൂപ വിലമതിക്കുന്ന കുത്തിവെപ്പ് അടിയന്തരമായി നൽകേണ്ടതുണ്ട്. സാമ്പത്തിക സഹായത്തിനപ്പുറം തന്റെ മകൾ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിക്കുന്നതും തന്നെ സ്നേഹത്തോടെ 'അമ്മേ' എന്ന് വിളിക്കുന്നതും കേൾക്കാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മാതാവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Communal Harmony in Delhi: Worshippers at Jama Masjid Help Raise ₹6.33 Crore for Hindu Child Battling SMA
Next Story