ഡല്‍ഹിയില്‍ കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം കണ്ടെത്തി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം കണ്ടെത്തി. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവമാണ് അഞ്ചുപേരില്‍ കണ്ടെത്തിയത്. സൈറ്റോമെഗലോവൈറസാണ് രോഗകാരിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോവിഡ് പോസിറ്റീവായ ശേഷമാണ് അഞ്ച് പേരിലും രോഗം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടാംതരംഗത്തില്‍ ഏപ്രില്‍-മേയ് കാലയളവിലാണ് അഞ്ച് പേരില്‍ അപൂര്‍വ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് 20നും 30നും ദിവസത്തിനിടെ വയറുവേദന അനുഭവപ്പെടുകയും മലദ്വാരത്തില്‍ നിന്ന് രക്തം വരികയുമായിരുന്നു.
രണ്ട് പേരില്‍ രക്തസ്രാവം ഗുരുതരമായിരുന്നുവെന്നും ഇതില്‍ ഒരാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ കടുത്ത രക്തസ്രാവവും കോവിഡ് അനുബന്ധ നെഞ്ചുരോഗങ്ങളെയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങി.
ബാക്കി മൂന്നുപേരെയും ആന്റിവൈറല്‍ ചികിത്സയിലൂടെ രോഗമുക്തരാക്കിയെന്ന് സര്‍ ഗംഗാറാം ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ഗാസ്‌ട്രോഎന്‍ഡ്രോളജി ആന്‍ഡ് പാന്‍ക്രിയേറ്റികോബിലറി സയന്‍സസ് വിഭാഗം ചെയര്‍മാന്‍ ഡോ. അനില്‍ അറോറ പറഞ്ഞു.
ഇത്തരം കേസുകളില്‍ ഉടന്‍ രോഗം കണ്ടെത്തുന്നതും ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സയും ജീവന്‍ രക്ഷിക്കുമെന്ന് മറ്റൊരു മുതിര്‍ന്ന ഡോക്ടറായ പ്രവീണ്‍ ശര്‍മ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

