ഉന്നാവ് ബലാത്സംഗ കേസ്; ശിക്ഷ മരവിപ്പിച്ചു, മുൻ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെങ്കാറിന് ജാമ്യം
text_fieldsഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുൻ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെങ്കാറിന്‍റെ ജയിൽ ശിക്ഷ മരവിപ്പിച്ച് കോടതി. ഡൽഹി ഹൈകോടതിയാണ് കുൽദീപ് സിങ്ങിന്‍റെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചത്. വിചാരണകോടതി വിധിക്കെതിരെ കുൽദീപ് സിങ് നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. ജസ്റ്റിസുമാരായ സുബ്രഹ്മണിയം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് സെങ്കാറിന് ജാമ്യം അനുവദിച്ചു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകക്ക് മൂന്ന് ആൾജാമ്യവും നൽകണമെന്ന് നിർദേശമുണ്ട്.
അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കുറ്റാരോപിതൻ വരരുതെന്നും അതിജീവിതയെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും ഹൈകോടതി നിർദ്ദേശിച്ചു. അപ്പീൽ പരിഗണനയിലുള്ള സമയത്ത് ഡൽഹിയിൽ തന്നെ തുടരാനും നിർദ്ദേശമുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷയുടെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കണം. വിചാരണ കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കണമെന്നും എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി കൂട്ടിച്ചേർത്തു.
2017ൽ ഉത്തർപ്രദേശിലെ ഉന്നാവ് മേഖലയിൽ അന്ന് ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെങ്കാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേതുടർന്നാണ് പ്രതിയായ കുൽദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ കൊലപാതക കേസിൽ കുൽദീപ് സിങ് അടക്കം ഏഴ് പ്രതികൾക്കും 10 വർഷം തടവ് വിധിച്ചിരുന്നു. കുൽദീപ് സെങ്കാറിന്‍റെ സഹോദരൻ അതുൽ സെങ്കാറും കേസിൽ പ്രതിയാണ്. കുൽദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിക്കുകയും പിന്നീട് കേസിൽ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

