സി.ജെ.പി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽനിന്ന് നീക്കി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: സി.ജെ.പിയുടെ പാർലിമെന്റ് മാർച്ചിനിടെ വനിത പ്രവർത്തകയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഡൽഹി അഡീഷനൽ ഡെപ്യൂട്ടി പോലീസ് കമീഷണർ സന്ദീപ് ലാംബയെ ജന്തർ മന്ദിറിലെ സുരക്ഷാചുമതലകളിൽനിന്ന് നീക്കി. ഇയാളെ നോർത്ത് ഈസ്റ്റ് ജില്ലയിലെ സ്വന്തം സ്റ്റേഷനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതിയിൽ നടന്ന വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ പൊലീസിന്റെ ക്രൂരത ചൂണ്ടിക്കാണിച്ചതിനുപിന്നാലെയാണ് ഈ നടപടി. ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് മുൻ എം.പി സാകേത് ഗോഖലെയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ജൂലൈ 20ന് സി.ജെ.പിയുടെ 'ചലോ സൻസദ്' മാർച്ചിലാണ് വിവാദ സംഭവം നടന്നത്. പൊലീസി കമീഷണർ യുവതിയുടെ മുഖത്തടിക്കുന്ന 36 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഒതുങ്ങിനിന്ന വനിത പ്രതിഷേധക്കാരിയുടെ മുഖത്ത് ഡി.സി.പി സന്ദീപ് ലാംബ അടിക്കുന്നത് വ്യക്തമായി കാണാം. തുടർന്ന്, പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഈ വിഡിയോ ഹാജരാക്കുകയും തുടർനടപടിയെന്നോണം ഡ്യൂട്ടിയിൽനിന്ന് നീക്കംചെയ്യുകയുമായിരുന്നു.
"യൂണിഫോം ധരിച്ച ഗുണ്ടകളെ പേരെടുത്ത് പറയാൻ ഭയപ്പെടരുത്, ഉദ്യോഗസ്ഥനെ കോടതിയിൽ വിളിപ്പിച്ചു മറുപടി നൽകാൻ ആവശ്യപ്പെടണം," എന്ന് അദ്ദേഹം വാദിച്ചു. തുടർന്ന് കോടതി സംഭവത്തെക്കുറിച്ചുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും റെക്കോർഡുകളും സൂക്ഷിച്ചുവെക്കാൻ നിർദ്ദേശം നൽകി.
അതേസമയം, ഡൽഹിയിൽ പ്രതിഷേധം കനക്കുകയാണ്. സമരസ്ഥലത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരടങ്ങുന്ന പ്രതിപക്ഷ നിര കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തുകയും ബലംപ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു ഡൽഹി പൊലീസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം ശക്തമാക്കിയിരിക്കുന്നത്. നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജന്തർ മന്ദിറിലും പരിസരങ്ങളിലും ഡൽഹി പൊലീസിന് പുറമെ ബി.എസ്.എഫിനെയും കേന്ദ്ര അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

