മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് ആറുവർഷത്തേക്ക് വിലക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോൺഡാലയാണ് ഹരജി നൽകിയത്.
ഹരജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതും അനാവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തള്ളിയത്. ഏതെങ്കിലും പരാതിയിൽ പ്രത്യേക നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു. ഏപ്രിൽ ഒമ്പതിന് ഉത്തർപ്രദേശിലെ പിലിഭിത്തിൽ മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹരജി നൽകിയത്.
ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ടഭ്യർഥിച്ച മോദി, മുസ്ലിംകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെന്ന് പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തിയെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിൽ മോദി നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ വിഷയത്തിൽ ഇടപെടാതിരുന്ന തെരഞ്ഞെടുപ്പ് കമീഷൻ, പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോട് വിശദീകരണം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

