എൻ.ഡി.ടി.വി സ്ഥാപകർക്ക് എതിരായ ആദായനികുതി നോട്ടീസുകൾ റദ്ദാക്കി കോടതി; നികുതി വകുപ്പിന് രണ്ടുലക്ഷം പിഴ
text_fieldsപ്രണോയ് റോയിയും രാധിക റോയിയും
ന്യൂഡൽഹി: എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ 2016 മാർച്ചിൽ പുറപ്പെടുവിച്ച ആദായനികുതി പുനർനിർണയ നോട്ടീസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കി. ആദായനികുതി വകുപ്പിന് കോടതി രണ്ടുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ തുക ഹരജിക്കാർക്ക് വീതിച്ചു നൽകാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ദിനേശ് മേത്ത, വിനോദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
എൻ.ഡി.ടി.വിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ പലിശരഹിത വായ്പകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നത്. ഒരിക്കൽ പരിശോധിച്ചു തീർപ്പാക്കിയ കാര്യങ്ങളിൽ വീണ്ടും അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുമ്പ് പരിശോധിച്ചു തീർപ്പാക്കിയ സാമ്പത്തിക ഇടപാടുകളുടെ പേരിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ വീണ്ടും അന്വേഷണം നടത്താനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2017 നവംബറിലാണ് റോയ് ദമ്പതികൾ ഹൈകോടതിയെ സമീപിച്ചത്. ഒരേ നികുതി വർഷത്തെ കാര്യങ്ങൾക്കായി രണ്ടാം തവണയാണ് അധികൃതർ നോട്ടീസ് അയക്കുന്നതെന്ന് അവർ വാദിച്ചു. നേരത്തെ 2011ൽ ഇതേ കാര്യത്തിൽ പുനർനിർണയം നടത്തുകയും 2013ൽ അത് പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത്തരം കേസുകളിൽ പിഴയായി എത്ര തുക നൽകിയാലും അത് മതിയാകില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും ഒരു പ്രതീകാത്മക ശിക്ഷ എന്ന നിലയിലാണ് നികുതി വകുപ്പിന് രണ്ടുലക്ഷം രൂപ പിഴ ചുമത്തിയത്. ഈ നോട്ടീസുകളുടെ അടിസ്ഥാനത്തിൽ എടുത്ത എല്ലാ തുടർനടപടികളും കോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

