കെജ്‌രിവാളിന്റെ കോടതി നടപടികളുടെ വിഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈകോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെട്ട കോടതി നടപടികളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് ഗൂഗ്ൾ, എക്സ്, മെറ്റ പ്ലാറ്റ്‌ഫോമുകളോട് ഡൽഹി ഹൈകോടതി. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചിന് മുന്നിലെത്തിയ ഒരു ഹർജിയുമായി ബന്ധപ്പെട്ട കോടതി നടപടികൾ അനധികൃതമായി റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
കോടതി നടപടികൾ റെക്കോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അരവിന്ദ് കെജ്‌രിവാൾ, മറ്റു എ.എ.പി നേതാക്കൾ, മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഡൽഹി ഹൈകോടതി ഈ നടപടി സ്വീകരിച്ചത്.
കോടതി നിർദേശിച്ച ചില ലിങ്കുകൾ ഇതിനകം നീക്കം ചെയ്തതായി മെറ്റ അറിയിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള ചില വിഡിയോകൾ കോടതി നടപടികളുടേതല്ലെന്ന ഗൂഗ്ളിന്റെ വാദം പരാതിക്കാരൻ കോടതിയിൽ തള്ളി. ഇതേത്തുടർന്ന് നിർദിഷ്ട ലിങ്കുകൾ നീക്കം ചെയ്യാനും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഗൂഗ്ളിനോട് നിർദേശിക്കുകയായിരുന്നു
ഐ.ടി നിയമം 2021 പ്രകാരം നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് തടയാൻ ഇന്റർ മീഡിയറികൾ ബാധ്യസ്ഥരാണെന്ന് കോടതി ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് ഡൽഹി കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
രാഷ്ട്രീയ ലാഭത്തിനായി കോടതി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ സ്വമേധയാ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ തയാറാകണമെന്ന് കോടതി വ്യക്തമാക്കി.
നിർദിഷ്ട യു.ആർ.എല്ലുകൾ ഇല്ലാതെ ദൃശ്യങ്ങൾ തിരിച്ചറിയുന്നതിനും ഫിൽട്ടർ ചെയ്യുന്നതിനും സാങ്കേതികമായ പരിമിതികളുണ്ടെന്ന് പ്ലാറ്റ്‌ഫോമുകൾ കോടതിയെ അറിയിച്ചു. ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ വിവാദമായ വിഡിയോകൾ കണ്ടെത്താനും നീക്കം ചെയ്യാനും പരാതിക്കാരന് പ്ലാറ്റ്‌ഫോമുകളെ നേരിട്ട് സമീപിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

