'നിങ്ങൾ ഒരുവിഭാഗത്തിന്റെ കൈയേറ്റം മാത്രമേ കാണൂ'; മസ്ജിദുകൾക്കും ദർഗകൾക്കും എതിരെ നിരന്തരം ഹരജി നൽകുന്ന സംഘ്പരിവാർ എൻ.ജി.ഒക്കെതിരെ ഹൈകോടതി
text_fieldsന്യൂഡൽഹി: ഭൂമി കൈയേറ്റം ആരോപിച്ച് മസ്ജിദുകൾക്കും ദർഗകൾക്കുമെതിരെ നിരന്തരം പൊതുതാൽപര്യ ഹരജി നൽകുന്ന സംഘ്പരിവാർ എൻ.ജി.ഒ ആയ സേവ് ഇന്ത്യ ഫൗണ്ടേഷനെ വിമർശിച്ച് ഡൽഹി ഹൈകോടതി.
‘നിങ്ങൾ ഒരുവിഭാഗത്തിന്റെ കൈയേറ്റം മാത്രമേ കാണുന്നുള്ളൂ എന്നും മറ്റു വിഷയങ്ങളൊന്നും കാണുന്നില്ലേ’യെന്നും കോടതി ചോദിച്ചു. എല്ലാ ആഴ്ചയും നഗരം ചുറ്റിക്കറങ്ങി ഹരജി ഫയൽ ചെയ്യുകയാണെന്നും സംഘടനയുടെ പെരുമാറ്റത്തെ വിലമതിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊതുതാൽപര്യ ഹരജി ദുരുപയോഗം ചെയ്യുകയാണെന്നും കോടതി വ്യക്തമാക്കി.
മാനവികതയെ സേവിക്കുന്നതിന് മറ്റു വഴികളുണ്ട്. സമൂഹത്തിൽ ശുദ്ധജലം ലഭിക്കാത്തവർ, പട്ടിണി കിടക്കുന്നവർ അതൊന്നും നിങ്ങൾ കാണുന്നില്ലേ? ദയവായി ഇത്തരത്തിൽ പൊതുതാൽപര്യ ഹരജികൾ ദുരുപയോഗം ചെയ്യരുത്. ഈ ഹരജികൾ ഞങ്ങളെ അസ്വസ്ഥമാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡൽഹി ഗ്രീൻപാർക്കിലെ ജുമാ മസ്ജിദ് അനധികൃതമായി ഭൂമി കൈയേറ്റം നടത്തിയെന്ന് ആരോപിച്ച് നൽകിയ ഹരജിയിലാണ് കോടതി വിമർശനം. സേവ് ഇന്ത്യ ഫൗണ്ടേഷൻ നൽകിയ ഹരജിയിലാണ് ഡൽഹി തുർക്കുമാൻ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിന്റെ അനുബന്ധ കെട്ടിടങ്ങൾ ഏതാനും ദിവസം മുമ്പ് മുനിസിപ്പൽ കോർപറേഷൻ ഇടിച്ചു നിരത്തിയത്. 2022ൽ ബുറാഡിയിലെ ഹിന്ദു മഹാപഞ്ചായത്തിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസിലെ പ്രതിയായ പ്രതീസിങ് ആണ് സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

