നിലവിൽ സാമൂഹിക വ്യാപനം; രോഗമുക്തിനേടി ഔദ്യോഗിക കാര്യങ്ങളിൽ സജീവമായി ഡൽഹി ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: നിലവിൽ സാമൂഹിക വ്യാപനം നിലനിൽക്കുന്നതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. കോവിഡിൽനിന്ന് മുക്തി നേടിയ ശേഷം ഔദ്യോഗിക കാര്യങ്ങളിൽ പ്രവേശിച്ച അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
‘ഡൽഹിയിൽ അടക്കം സമൂഹ വ്യാപനം നടന്നുകഴിഞ്ഞു. രാജ്യത്ത് 10ലക്ഷം രോഗികൾ നിലവിലുണ്ട്. എന്നിട്ടും ഇതിനെ സമൂഹവ്യാപനമെന്ന് വിളിക്കാൻ കഴിയില്ലേ?.’ -സത്യേന്ദ്ര ജെയിൻ ചോദിച്ചു.
ആരോഗ്യമന്ത്രി രോഗമുക്തി നേടി ഔദ്യോഗിക രംഗത്തേക്ക് തിരിച്ചെത്തിയ വിവരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ജൂൺ 17നാണ് സത്യേന്ദ്ര ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പ്ലാസ്മ തെറപ്പിക്ക് വിധേയനാക്കിയിരുന്നു. ആദ്യം ഡൽഹി സർക്കാരിന് കീഴിെല രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1211 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 31 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,22,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3628 പേർ മരിക്കുകയും ചെയ്തു. 1,03,134 പേർ രോഗമുക്തി നേടി. 16,031 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
