ഹിന്ദുത്വ ഇൻഫ്ലുവൻസറുടെ അറസ്റ്റ്; ഹേബിയസ് കോർപ്പസ് ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ ഹൈക്കോടതി
text_fieldsസ്വതന്ത്ര ഭരദ്വാജ്
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ നടന്ന ആക്രമണക്കേസിൽ അറസ്റ്റിലായ ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ കോടതിയിൽ ഹാജരാക്കണമെന്ന ഹേബിയസ് കോർപ്പസ് ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി തീരുമാനിച്ചു.
മൂന്ന് ദിവസമായി ഭരദ്വാജ് കസ്റ്റഡിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഉമേഷ് ചന്ദ്ര ശർമ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹരജി തിങ്കളാഴ്ച തന്നെ പരിഗണിക്കാൻ അനുമതി നൽകിയത്.
സഞ്ജയ് ആസാദിനെ ആക്രമിച്ച കേസിലാണ് നടപടി. ഞായറാഴ്ച പട്യാല ഹൗസ് കോടതി പ്രതിയെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ഹാജരാക്കൽ. 14 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസമാണ് കോടതി അനുവദിച്ചത്.
ബുലന്ദ്ശഹറിൽ നിന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് ഭരദ്വാജിനെ പിടികൂടിയത്. ഇതിന് മുമ്പ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയും കോടതി അനുവദിച്ചിരുന്നു. സുരക്ഷാ പരിഗണനയാൽ കർക്കർദൂമയിലെ സ്പെഷ്യൽ ജഡ്ജിയുടെ വസതിയിൽ വെച്ചായിരുന്നു നടപടികൾ.
കഴിഞ്ഞ ജൂൺ 23ന് ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെയാണ് ആക്രമണം നടന്നത്. സഞ്ജയ് ആസാദ് എന്നയാളെ തലയ്ക്കടിച്ചതായി ഭരദ്വാജ് തന്നെ ഒരു വിഡീയോയിൽ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്നാണ് കൊലപാതക ശ്രമത്തിനും എസ്.സി-എസ്.ടി നിയമപ്രകാരവും കേസെടുത്തത്.
പരാതിക്കാരുടെ ആവശ്യപ്രകാരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ 72 മണിക്കൂറിനകം അറസ്റ്റ് ഉണ്ടാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയിരുന്നതായി അഭിഭാഷകൻ റിഷവ് രഞ്ജൻ പറഞ്ഞു. എം.പി ചന്ദ്രശേഖർ ആസാദും യോഗത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

