നീറ്റ് പരീക്ഷ കഴിഞ്ഞു, ഇനി വിലക്കില്ല; കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ്
text_fieldsകോക്രോച്ച് ജനതാ പാർട്ടി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലവിലില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവ് പുറപ്പെടുവിച്ചത്.
നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കിരുന്നു. എന്നാൽ, ജൂൺ 21ന് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടത്.
ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തെ തുടർന്ന് ഹാസ്യരൂപത്തിൽ രൂപികരിച്ച സംഘടനയാണ് സി.ജെ.പി. തുടർന്ന് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്നും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുമുള്ള വിവാദങ്ങൾക്കിടെയാണ് കോക്രോച്ച് ജനതാ പാർട്ടി യുവാക്കൾക്കിടയിൽ ശ്രദ്ധേയമായത്.
എന്നാൽ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ മെയ് മാസത്തിൽ എക്സ് അധികൃതർ സി.ജെ.പിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഒരു അംഗീകൃത ഏജൻസിയിൽ നിന്ന് ലഭിക്കുന്ന നിയമാനുസൃതമായ നിർദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് എക്സിന്റെ വിശദീകരണം. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് തുറന്ന് പാർട്ടി പ്രവർത്തനം തുടരുകയായിരുന്നു.
നീറ്റ് പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സി.ജെ.പിയുടെ പ്രതിഷേധം ജന്തർ മന്തറിൽ തുടരുകയാണ്. പ്രക്ഷോഭത്തിന്റ ഭാഗമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരത്തിനും പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ വിദ്യാർഥികളുടെ ആശങ്കകൾ ഉയർത്തിക്കാട്ടി ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് സി.ജെ.പി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

