ജെ.എൻ.യു പ്രവേശനത്തിന് ഹൈക്കോടതി സ്റ്റേ; ഡിപ്രൈവേഷൻ പോയിന്റ് അടിസ്ഥാനത്തിൽ അഡ്മിഷന് താൽക്കാലിക വിലക്ക്
text_fieldsന്യൂഡൽഹി: ജെ.എൻ.യു ഡിപ്രൈവേഷൻ പോയിന്റ് സംവിധാനം ഉപയോഗിച്ചുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾക്ക് ഡൽഹി ഹൈക്കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഈ പോയിന്റുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം അന്തിമമാക്കരുതെന്നും തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ (സി.യു.ഇ.ടി) വിദ്യാർഥി നേടിയ മാർക്കിലേക്ക് ഡിപ്രൈവേഷൻ പോയിന്റിലൂടെ അധിക മാർക്ക് ചേർക്കാൻ ജെ.എൻ.യുവിന് സാധിക്കുന്നതായി പ്രാഥമികമായി വിലയിരുത്തിയ കോടതി ഇത് മത്സരാധിഷ്ഠിത പ്രവേശന പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും നിരീക്ഷിച്ചു.
ഡിപ്രൈവേഷൻ പോയിന്റ് നയത്തെ ചോദ്യം ചെയ്ത് പി.ജി പ്രവേശനത്തിന് ശ്രമിക്കുന്ന അമിത് മെഹ്റ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ ഉത്തരവ്. ജെ.എൻ.യുവിന്റെ 2026-27 അധ്യയന വർഷത്തെ ഇ-പ്രോസ്പെക്ടസിലെ സെക്ഷൻ അഞ്ചിലെ വ്യവസ്ഥകളാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
മുൻപ് പഠിച്ച സ്ഥാപനത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പരമാവധി 12 ഡിപ്രൈവേഷൻ പോയിന്റുകൾ ലഭിക്കുമെന്നാണ് ജെ.എൻ.യുവിന്റെ നയം. ഒരു പോയിന്റിന് മൂന്ന് മാർക്ക് എന്ന കണക്കിലാണ് ഇത് പരിഗണിക്കുന്നത്. അതായത് പരമാവധി 12 പോയിന്റ് ലഭിക്കുന്ന വിദ്യാർഥിക്ക് 36 അധിക മാർക്ക് വരെ ലഭിക്കാം.
ഡിപ്രൈവേഷൻ പോയിന്റുകളോ മറ്റ് പ്രാദേശിക പരിഗണനകളോ കൂട്ടിച്ചേർക്കാതെ വിദ്യാർഥികളുടെ യഥാർഥ സി.യു.ഇ.ടി മാർക്ക്, നോർമലൈസ്ഡ് മാർക്ക് അല്ലെങ്കിൽ പെർസന്റൈൽ മാത്രം അടിസ്ഥാനമാക്കി മെറിറ്റ് പട്ടികയും റാങ്കിങ്ങും പ്രവേശന ഫലങ്ങളും തയ്യാറാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ജെ.എൻ.യുവിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണ് ഡിപ്രൈവേഷൻ പോയിന്റ് സംവിധാനമെന്ന് സർവകലാശാല വാദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും സർവകലാശാലയിൽ പ്രവേശിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ആക്ട് 1966-ലെ ഒന്നാം ഷെഡ്യൂളിലെ വ്യവസ്ഥയും ജെ.എൻ.യു ചൂണ്ടിക്കാട്ടി.
അക്കാദമിക് കൗൺസിൽ വിശദമായ ചർച്ചകൾക്ക് ശേഷം നയം പരിഗണിച്ച് അംഗീകരിച്ചതാണെന്നും സർവകലാശാല അറിയിച്ചു. എന്നാൽ, ജെഎൻയുവിന്റെ ഈ വാദം പ്രാഥമികമായി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിപ്രൈവേഷൻ പോയിന്റുകളിലൂടെ പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടിയ മാർക്കിൽ ഫലത്തിൽ മാറ്റം വരുത്തുകയാണ് ചെയ്യുന്നതെന്നും ഒരു വിദ്യാർഥിയുടെ സ്കോറിലേക്ക് 12 പോയിന്റ് വരെ ചേർക്കാൻ ഈ സംവിധാനം ജെ.എൻ.യുവിന് അവസരം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മത്സരാധിഷ്ഠിത പരീക്ഷയിൽ വിദ്യാർഥി നേടിയ മാർക്കിലേക്ക് അധിക മാർക്ക് ചേർക്കാൻ ജെ.എൻ.യുവിന് അധികാരം നൽകുന്നതായി സർവകലാശാല ചൂണ്ടിക്കാട്ടിയ വ്യവസ്ഥകളിൽ നിന്ന് പ്രാഥമികമായി വ്യക്തമാകുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രവേശന പരീക്ഷക്ക് ശേഷം സർവകലാശാലക്ക് വിദ്യാർഥിയുടെ സ്കോറിൽ മാറ്റം വരുത്താൻ കഴിയുന്ന സംവിധാനം അനുവദിച്ചാൽ പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാമെന്നും ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.
ഇതിനിടെ 1,500 പി.ജി വിദ്യാർഥികൾക്കും 451 യു.ജി വിദ്യാർഥികൾക്കും ഇതിനകം പ്രവേശന ഓഫർ ലെറ്ററുകൾ നൽകിയതായി ജെ.എൻ.യു കോടതിയെ അറിയിച്ചു. ഡിപ്രൈവേഷൻ പോയിന്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ തുടരാൻ അനുവദിച്ചാൽ പിന്നീട് ഈ സംവിധാനം അനുവദനീയമല്ലെന്ന് കോടതി കണ്ടെത്തുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ പഴയപടിയാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.
ഇതിനിടെ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നത് പിന്നീട് സങ്കീർണതകൾക്ക് ഇടയാക്കാമെന്നും സാഹചര്യം പഴയപടിയാക്കുന്നത് ബുദ്ധിമുട്ടാകുമെന്നുള്ളതും കോടതി നിരീക്ഷിച്ചു.
തുടർന്ന് അടുത്ത വാദം കേൾക്കുന്നതുവരെ ഡിപ്രൈവേഷൻ പോയിന്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അന്തിമമാക്കരുതെന്നും ഈ പോയിന്റുകളെ അടിസ്ഥാനമാക്കി പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ സ്വീകരിക്കരുതെന്നും ജെ.എൻ.യുവിനോട് കോടതി നിർദേശിച്ചു. ഹരജിയിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും മറുപടി നൽകാൻ ജെ.എൻ.യുവിന് നാല് ദിവസം അനുവദിക്കുകയും ചെയ്തു. രണ്ടാം എതിർകക്ഷിക്ക് ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇലക്ട്രോണിക് സംവിധാനത്തിലൂടെയും ഉൾപ്പെടെ നോട്ടീസ് നൽകാനും കോടതി നിർദേശിച്ചു.
വാദത്തിനിടെ ഹാജരാക്കിയ രേഖകൾ കോടതി സ്വീകരിച്ചു. കേസ് ആഗസ്റ്റ് 24ന് വീണ്ടും പരിഗണിക്കും. അതേസമയം, ജെ.എൻ.യുവിന്റെ ഡിപ്രൈവേഷൻ പോയിന്റ് നയം നിയമപരമാണോ എന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. സർവകലാശാലയുടെ മറുപടിയും തുടർവാദങ്ങളും പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ കൂടുതൽ തീരുമാനമുണ്ടാകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

