തെരഞ്ഞെടുപ്പ് ചിഹ്നം: പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ചിഹ്നമായി 'എഴുത്തുപെട്ടി' അനുവദിച്ചതിനെതിരെ ലോക് ഇൻസാഫ് പാർട്ടി നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി.
ഹരജി വസ്തുതതകൾക്ക് നിരക്കുന്നതല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായും നിരീക്ഷിച്ച ജസ്റ്റിസ് പ്രതീക് ജലാൻ രണ്ടാഴ്ചക്കകം ഒരു ലക്ഷം രൂപ ചെലവൊടുക്കാനും നിർദേശിച്ചു. ചിഹ്നമായി 'ട്രാക്ടർ ഓടിക്കുന്ന കർഷകൻ' അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്നായിരുന്നു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, എഴുത്തുപെട്ടി എന്നിവ ഒന്നും രണ്ടും മുൻഗണനകളായാണ് തെരഞ്ഞെടുപ്പ് കമീഷനിൽ അപേക്ഷിച്ചിരുന്നതെന്നും വ്യക്തമാക്കി.
അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് ലഭ്യമായ ചിഹ്നങ്ങളിൽ ഒന്നാണ് ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹരജിക്കാരൻ വസ്തുതകൾ മറച്ചുവെക്കുകയാണെന്നും അതേ ചിഹ്നം വിജ്ഞാപനത്തിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വാദിച്ചു.
ട്രാക്ടർ ഓടിക്കുന്ന കർഷകൻ അസമിലെ അംഗീകാരമുള്ള പാർട്ടിക്ക് അനുവദിച്ചതായി നിരീക്ഷിച്ച ഏതൊരു സംസ്ഥാനത്തെയും അംഗീകാരമുള്ള പാർട്ടിക്ക് അനുവദിച്ച ചിഹ്നം മറ്റൊരു സംസ്ഥാനത്തെ അംഗീകാരമില്ലാത്ത പാർട്ടിക്ക് അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടു.

