ആശിഷ് മോറിന് ഡൽഹി സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥനും സേവന വകുപ്പ് സെക്രട്ടറിയുമായ ആശിഷ് മോറിന് ഡൽഹി സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. മോറിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള നിയന്ത്രണം ആം ആദ്മി പാർട്ടിക്ക് സുപ്രീം കോടതി നൽകിയതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡൽഹി സർക്കാർ മോറെയെ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനു കൃത്യമായ മറുപടി നൽകാത്തതിനാണ് ഡൽഹി സർക്കാർ നോട്ടീസ് അയച്ചത്.
മേയ് 13ന് സേവന വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മോറിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഡൽഹി സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. സുപ്രീംകോടതി വിധിയും തന്നെ സ്ഥലം മാറ്റാനുള്ള നിർദേശവും പാലിക്കാൻ വിസമ്മതിച്ചുവെന്ന ആരോപണത്തിൽ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് മോറിന് അയച്ച മെമ്മോയിൽ ഭരദ്വാജ് ആവശ്യപ്പെട്ടത്.