17 പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ ആൾദൈവം ആഗ്രയിലെ ഹോട്ടലിൽ നിന്നും അറസ്റ്റിൽ
text_fieldsസ്വാമി ചൈതന്യാനന്ദ സരസ്വതി
ന്യൂഡൽഹി: 17 പെൺകുട്ടികളെ ആശ്രമത്തിൽവെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ലൈംഗിക പീഡനത്തിന് പുറമേ ഇയാൾക്കെതിരെ തട്ടിപ്പിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഹോട്ടലിലാണ് ഇയാൾ പിടിയിലായത്. നേരത്തെ ചൈതന്യാനന്ദക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു.
കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിൽ ഡയറക്ടറായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥികളെ എങ്ങനെയാണ് വാഗ്ദാനങ്ങൾ നൽകി വശീകരിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാർഥിനി.
സൗജന്യ വിദേശയാത്രകൾ നൽകിയും ഐഫോണും ലാപ്ടോപ്പും കാറുകളും മറ്റും നൽകിയാണ് ഇയാൾ വിദ്യാർഥികളെ വശീകരിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിനി വെളിപ്പെടുത്തുന്നു.
'പുതുതായി വിദ്യാർഥികൾ കോളജിൽ വരുമ്പോൾ തന്നെ അവരുടെ സെലക്ഷൻ പ്രക്രിയ ആരംഭിക്കും. ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഉയർന്ന സ്കോർ, വിദേശ ഇന്റേൺഷിപ്പുകൾ, മികച്ച പ്ലേസ്‌മെന്റുകൾ എന്നിവയുൾപ്പെടെ മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്ത് അവരെ സമീപിക്കുകയും വശീകരിക്കുകയും ചെയ്യും. ഓഫർ സ്വീകരിക്കുന്നവർക്ക് കാര്യങ്ങൾ സുഗമമായിരിക്കും. പക്ഷേ, നിരസിക്കുന്നവരെ ക്രൂരമായി വേട്ടയാടാനും തുടങ്ങും'-വിദ്യാർഥി പറയുന്നു.
അവർക്ക് വഴങ്ങാത്തവരെ 24 മണിക്കൂറും നിരീക്ഷിക്കാൻ ആളുണ്ടാകുമെന്നും കാരണങ്ങൾ ഉണ്ടാക്കി ഉപദ്രവിക്കുകയും കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും വിദ്യാര്‍ഥി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു.
വിദ്യാർഥിനികളെ തെരഞ്ഞെടുക്കൽ
ലക്ഷ്യമിടുന്ന വിദ്യാർഥിനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ, മുമ്പ് സ്വാമി പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന ചൈതന്യാനന്ദ സരസ്വതി തന്നെയായിരിക്കും ഈ പ്രക്രിയ നേരിട്ട് നടത്തുകയെന്ന് വിദ്യാർഥിനി പറയുന്നത്.
'സ്വാമി വിദ്യാർഥികളുമായി നേരിട്ട് സംസാരിക്കാറുണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്തമായി ക്ലാസുകൾ നടത്തിയിരുന്നു. ഈ സമയത്താണ് അദ്ദേഹം വനിത വിദ്യാർഥികളെ തെരഞ്ഞെടുത്തിരുന്നത്. പിന്നീട്, ചില വനിത ജീവനക്കാർ വിദ്യാർഥിനികളെ സമീപിച്ച് പ്രതിയെ ഓഫീസിലോ മുറിയിലോ കാണാൻ ആവശ്യപ്പെടുമായിരുന്നു.'-വിദ്യാർഥിനി പറയുന്നു.
പൂർവ വിദ്യാർഥികളായ വനിത ജീവനക്കാർ
പൂർവ വിദ്യാർഥികളാണ് വനിത ജീവനക്കാരിൽ വലിയൊരു ഭാഗവും. വിദേശ യാത്രകൾക്ക് കൊണ്ടുപോയി വിദേശ ഇന്റേൺഷിപ്പുകൾ നൽകി എന്നും കൂടെ നിർത്തുന്ന ഈ പൂർവ വിദ്യാർഥികളാണ് പുതിയ വിദ്യാർഥികളെ സ്വാമിയോട് അടുപ്പിക്കുന്നത്.
2016ലെ പീഡനക്കേസ്
2016-ൽ ചൈതന്യാനന്ദ സരസ്വതി ഉൾപ്പെട്ട ഒരു പീഡനക്കേസിനെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ട ഒരു വിദ്യാർഥിനിയെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അവരുടെ ജൂനിയറാണെന്നും സ്വാമിയും അതേ രീതിയിൽ തന്നെ സമീപിച്ചുവെന്നും മുൻ വിദ്യാർഥിനി പറഞ്ഞു.
'അവളോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടു. പകരമായി, സൗജന്യ വിദേശ യാത്രകൾ, ലാപ്‌ടോപ്പുകളും ഐഫോണും സമ്മാനം, ഡ്രൈവറുൾപ്പെടെ കാറുമായി ആഗ്രഹിക്കുന്നിടത്തേക്കുള്ള യാത്രകൾ, വിദേശത്ത് പ്ലേസ്‌മെന്റിനായി മികച്ച പരിശീലനം, പരിധിയില്ലാത്ത ഷോപ്പിങ് യാത്രകൾ തുടങ്ങിയവയാണ് അയാൾ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ, നിരസിച്ചതോടെ പീഡനം തുടങ്ങി. അയാൾ അവളുടെ ഫോൺ പിടിച്ചുവാങ്ങി. ഹോസ്റ്റലിൽ ഒറ്റപ്പെടുത്തി, മറ്റ് വിദ്യാർഥികളുമായി സംസാരിച്ചതിന് അവളെ ശകാരിച്ചു. അവിടെ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും ചൈതന്യാനന്ദ് സരസ്വതിയുടെ കൂട്ടാളികൾ അവളുടെ വീട്ടിൽ വരെ തിരഞ്ഞെത്തിയെന്നും വിദ്യാർഥി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

