സാമ്പത്തിക തർക്കം: ഡൽഹിയിൽ സഹോദരിമാരെ വെടിവെച്ചുകൊന്നു
text_fieldsവെടിയേറ്റ് മരിച്ചവർ
ന്യൂഡൽഹി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡൽഹിയിൽ സഹോദരിമാരായ രണ്ടുപേരെ വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ഡൽഹി ആർ.കെ പുരത്താണ് സംഭവം. ജ്യോതി (30), പിങ്കി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരൻ ലളിതിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആക്രമിക്കാൻ എത്തിയ 20ഓളം വരുന്ന സംഘമാണ് സഹോദരിമാർക്കുനേരെ വെടിയുതിർത്തത്.
ലളിത് 10,000 രൂപ കടം നൽകിയത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി ശനിയാഴ്ച രാത്രി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പകരം ചോദിക്കാൻ രാത്രി രണ്ടുമണിയോടെ എത്തിയ സംഘം ലളിതിന്റെ വീടിനു നേരെ കല്ലെറിയുകയും ആക്രോശിക്കുകയും ചെയ്ത ശേഷം തിരിച്ചുപോയി.
നാലു മണിയോടെ ആയുധങ്ങളുമായി എത്തി വീണ്ടും ആക്രമണം നടത്തുന്നതിനിടെയാണ് സഹോദരിമാർക്ക് വെടിയേൽക്കുന്നത്. സംഭവത്തിൽ രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രംഗത്തുവന്നു. ഡൽഹിയിലെ ജനങ്ങൾക്ക് കടുത്ത അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഡൽഹിയിലെ ക്രമസമാധാനം നിയന്ത്രിക്കേണ്ടവർ അതിനു പകരം ഡൽഹി സർക്കാറിനെ മുഴുവൻ പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുകയാണ്. ക്രമസമാധാനം ആപ് സർക്കാറിന്റെ കീഴിലായിരുന്നെങ്കിൽ ഡൽഹി ഏറ്റവും സുരക്ഷിതമായേനെ എന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

