ഡൽഹി തീപിടിത്തം; ഹോട്ടലുടമ അറസ്റ്റിൽ, ഒരു കുടുംബത്തിന് നഷ്ടമായത് എട്ടുപേരെ
text_fieldsഡൽഹിയിൽ തീപ്പിടുത്തമുണ്ടായ ഹോട്ടൽ. റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാൻ മൻസൂരിയും (വലത്)
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർക്ക് ദാരുണാന്ത്യം. ചികിത്സയിലായിരുന്ന പിതാവിനെ കാണാൻ ഗുരുഗ്രാമിൽനിന്നും ഡൽഹിയിലെത്തി ഈ ഹോട്ടലിൽ താമസിച്ച ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് അഗർവാൾ (48), ഭാര്യ തർജിനി, ഇവരുടെ രണ്ട് പെൺമക്കൾ, വിവേകിന്റെ അമ്മ, മൂന്ന് ബന്ധുക്കൾ എന്നിവരാണ് മരണപ്പെട്ടത്. ആശുപത്രിക്ക് സമീപമുള്ളതിനാലാണ് ഇവർ ഈ ഹോട്ടൽ തിരഞ്ഞെടുത്തത്. ദുരന്തത്തിൽനിന്ന് 58 പേരെ രക്ഷപ്പെടുത്തിയെങ്കിലും പുക ശ്വസിച്ചും പൊള്ളലേറ്റും 12 വിദേശികളും ഒമ്പത് ഇന്ത്യക്കാരും ഉൾപ്പെടെ 21 പേർ മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ലവ്‌കേഷ് ബജാജിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോട്ടലിന് തീപിടിച്ചപ്പോൾ ആളുകളെ രക്ഷിക്കാൻ നിൽക്കാതെ ലവ്‌കേഷ് ബജാജ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്. കെട്ടിടത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രവേശന കവാടം മാത്രമാണുണ്ടായിരുന്നത്. ജനലുകൾ ഇരുമ്പ് ഗ്രില്ലുകൾ വെച്ച് പൂർണമായി അടച്ച നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
റിയാസുദ്ദീനും അർമാനും ഉപജീവനത്തേക്കാൾ വലുത് മനുഷ്യജീവൻ
ന്യൂഡൽഹി: 21 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഡൽഹി ഹോട്ടൽ തീപിടിത്തത്തിന്റെ നടുക്കത്തിൽനിന്ന് ഹൗസ് റാണി പ്രദേശം ഇനിയും മുക്തമായിട്ടില്ല. കത്തിയമർന്ന അഞ്ചുനില കെട്ടിടം കരിനിഴലായി നിൽക്കുമ്പോൾ, ജീവൻ രക്ഷിക്കാൻ ആളുകൾ താഴേക്ക് ചാടാനായി സമീപത്തെ മെത്തക്കടയുടമ റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാൻ മൻസൂരിയും റോഡിലേക്ക് വലിച്ചിട്ട ലക്ഷങ്ങൾ വിലമതിക്കുന്ന മെത്തകളും പുതപ്പുകളും അവിടെ ചിതറിക്കിടക്കുന്നു.
ആളിക്കത്തുന്ന തീയിലും കനത്ത പുകയിലും പെട്ട് വിദേശികളടക്കമുള്ളവർ ജനലുകളിലൂടെ സഹായത്തിനായി നിലവിളിച്ചപ്പോൾ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനതതിനിറങ്ങിയ മുഹമ്മദ് അഫ്സൽ, ആമിർ ഖാൻ, മുഹമ്മദ് ശുഹൈബ്, അർമാൻ മൻസൂരി എന്നിവരെ കാണാൻ നിരവധി പേരാണ് അവിടെ എത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുകയും പുക മൂടുകയും ചെയ്തതോടെ മുകളിലത്തെ നിലകളിലുള്ളവർ ജീവൻ രക്ഷിക്കാൻ യാചിക്കുന്നതുകണ്ടാണ്, ഹോട്ടലിന് എതിർവശത്ത് നാല് പതിറ്റാണ്ടുകളായി മെത്തക്കട നടത്തുന്ന റിയാസുദ്ദീനും മകൻ അർമാനും 25ഓളം പുതിയ മെത്തകളും പുതപ്പുകളും റോഡിലേക്ക് വലിച്ചിട്ടത്. മെത്തകൾ ഒന്നിനുമീതെ ഒന്നായി റോഡിൽ നിരത്തി. ഇതിലേക്ക് ചാടിയതുകൊണ്ടാണ് പലരുടെയും ജീവൻ രക്ഷിക്കാനായത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ ബിസിനസ് നഷ്ടം സംഭവിച്ചിട്ടും മനുഷ്യത്വം മാത്രമാണ് തങ്ങൾ നോക്കിയതെന്ന് റിയാസുദ്ദീൻ പറയുന്നു. പരിക്കേറ്റവരെയും മൃതദേഹങ്ങളെയും കെട്ടിടത്തിൽനിന്ന് താഴേക്ക് എത്തിക്കാനും ചുമന്നുമാറ്റാനും തങ്ങളുടെ കടയിലെ പുതിയ ബെഡ്ഷീറ്റുകളും കോട്ടൺ തുണികളും ഇവർ എടുത്തുനൽകി.
ആദ്യം ഓടിയെത്തിയ മുഹമ്മദ് അഫ്സലും ആമിർ ഖാനും മുഹമ്മദ് ശുഹൈബുമാണ് നാട്ടുകാരെ ഏകോപിപ്പിച്ച് ആളുകൾക്ക് താഴേക്ക് ചാടാനുള്ള ആത്മവിശ്വാസം നൽകിയത്. ഫയർഫോഴ്സ് എത്തിയതോടെ അവരോടൊപ്പം കെട്ടിടത്തിനുള്ളിലേക്ക് കയറി പുകയിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ പുറത്തെത്തിക്കാനും ഇവർക്ക് കഴിഞ്ഞു.
മാക്സ് ഹോസ്പിറ്റൽ ജീവനക്കാരനായ വസീം രാജയാണ്, പുക ശ്വസിച്ച് അബോധാവസ്ഥയിലായ പലരെയും മരണവക്കിൽനിന്ന് രക്ഷിച്ചത്. കെട്ടിടത്തിനുള്ളിൽനിന്ന് പുറത്തെത്തിച്ചവർക്ക് പൊള്ളലേറ്റിരുന്നില്ലെങ്കിലും, കനത്ത പുക ശ്വസിച്ച് അവരുടെ മുഖം കറുത്തിരുണ്ട് അബോധാവസ്ഥയിലായിരുന്നു.
വസീം അവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. തുടർന്ന് ആംബുലൻസിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഇവർക്ക് പരിചരണം നൽകാനും വസീമിനായി. രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്ന യുവാക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച മാളവ്യ നഗറിലെ ബി.ജെ.പി എം.എൽ.എ സതീഷ് ഉപാധ്യായ ഇവരുടെ ധീരതയെ പുകഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

