ഡൽഹിയിലെ കർഷക സമരം നിർത്തിവെച്ചു
text_fieldsന്യൂഡല്‍ഹി: അപൂർവ പ്രതിഷേധ മുറകളാൽ ശ്രദ്ധേയമായ ജന്തർമന്തറിലെ തമിഴ് കർഷക സമരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അഭ്യർഥന മാനിച്ച് താൽക്കാലികമായി നിർത്തിവെച്ചു. കൊടും വരള്‍ച്ചയിലുണ്ടായ ദുരിതത്തില്‍ നഗ്നരായും കൈമുറിച്ചും മൂത്രം കുടിച്ചും ആത്മഹത്യ ഭീഷണി മുഴക്കിയും കഴിഞ്ഞ 40 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മേയ് 25 വരെ നിര്‍ത്തിെവച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങുമായും അരുണ്‍ െജയ്റ്റ്‌ലിയുമായും ചര്‍ച്ച നടത്തിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സമരസ്ഥലത്തെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സമരം നിര്‍ത്തിവെക്കുകയാണെന്ന് കര്‍ഷകര്‍ അറിയിച്ചു. വരള്‍ച്ച ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 40 ദിവസമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തിയത്.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ അണിഞ്ഞും പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചും എലിയെ ഭക്ഷിച്ചും തലമുടിയും മീശയും വടിച്ചും വിവിധ രീതിയില്‍ സമരം നടത്തി കർഷക പ്രതിഷേധം ശ്രദ്ധ പിടിച്ചുപറ്റി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുമെന്നു ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പളനിസാമി ജന്തര്‍മന്തറിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
കര്‍ഷകരുടെ ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കാമെന്നും അതില്‍ തീരുമാനമുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്താമെന്നും അറിയിച്ച മുഖ്യമന്ത്രി, സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമരം താൽക്കാലികമായി നിര്‍ത്തിെവക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ മേയ് 25 മുതല്‍ സമരം രൂക്ഷമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
