'എന്റെ തല, എന്റെ ഫുൾ ഫിഗർ';വേദിയിലും പോസ്റ്ററിലുമെല്ലാം മോദി ചിത്രം; പരിപാടി ബഹിഷ്കരിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ 'വന മഹോത്സവ്' പരിപാടിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ച് ഡൽഹി സർക്കാർ. തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയും ലഫ്.ഗവർണർ വി.കെ.സക്സേനയും തമ്മിലുള്ള പോരു മുറുകുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. ഞായറാഴ്ച ലഫ്.ഗവർണർ വി.കെ.സക്സേനയ്ക്കൊപ്പം പങ്കെടുക്കേണ്ട പരിപാടി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ബഹിഷ്കരിച്ചു. വനമഹോത്സവത്തിൽ അസോല ഭാട്ടി വന്യജീവി സങ്കേതത്തിലെ മരം നടീലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ലഫ്.ഗവർണറുമായി വെള്ളിയാഴ്‌ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് ആരോഗ്യ കാരണങ്ങൾ പറഞ്ഞ് പിൻമാറിയതിനു പിന്നാലെയാണ് കെജ്രിവാളിന്റെ നടപടി. ഗവർണർക്കൊപ്പം പങ്കെടുക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണെന്നും ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്‌തതിനു പിന്നാലെയാണ് പരിപാടിയിൽ നിന്നുള്ള കേജ്‍രിവാളിന്റെ പിൻമാറ്റമെന്നും ലഫ്.ഗവർണറുടെ ഓഫിസ് ആരോപിച്ചു.
എന്നാൽ ഡൽഹി സർക്കാരിന്റെ 'വന മഹോത്സവ്' പരിപാടി ലഫ്.ഗവർണർ ബിജെപി യോഗമാക്കി മാറ്റിയതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. പൊതുസമ്മേളന വേദിയിൽ നിർബന്ധപൂർവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചുവെന്നും നീക്കം ചെയ്‌താൽ അറസ്റ്റ് ചെയ്യുമെന്നു ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആം ആദ്മി പാർട്ടി ട്വിറ്ററിൽ ആരോപിച്ചു.
ഡൽഹി പൊലീസ് പരിപാടിക്കു ഏറെ മുൻപുതന്നെ 'വന മഹോത്സവ്' വേദി കയ്യടക്കിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പരിപാടിയുടെ നിയന്ത്രണം ഡൽഹി പൊലീസ് ഏറ്റെടുക്കുകയായിരുന്നു. 'വന മഹോത്സവ്' ഡൽഹി സർക്കാരിന്റെ പരിപാടിയാണ്. ലഫ്.ഗവർണറും ഡൽഹി മുഖ്യമന്ത്രിയും സംയ്‌കുതമായാണ് പരിപാടിക്ക് അധ്യക്ഷത വഹിക്കേണ്ടത്. എന്നാൽ പോസ്റ്ററുകളിൽ എല്ലാം തന്നെ മോദിയും മറ്റു ബിജെപി നേതാക്കളുമാണ്. വേദിയിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് വൻ പ്രാധാന്യത്തോടെ നൽകിയതും.
കേജ്‍രിവാളിന് സിംഗപ്പൂർ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ, ഡൽഹി സർക്കാരിലെ രണ്ടാമനായ മനീഷ് സിസോദിയയെ ഉന്നമിട്ട് പുതിയ മദ്യനയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്‌തത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തുന്നതാണ് ഡൽഹി സർക്കാരിന്റെ മദ്യനയമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. സിസോദിയയാണ് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കേജ്‍രിവാളിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതിൽ മോദിക്കുള്ള ഭയവും ആശങ്കയുമാണ് ഇതിനു പിന്നിലെന്ന് സിസോദിയ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

