ഡൽഹി ആരു പിടിക്കും? വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; പോളിങ് 46.55 ശതമാനം
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. വൈകീട്ട് മൂന്നുമണിവരെ 46.55 ആണ് പോളിങ് ശതമാനം. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ഡൽഹിയിൽ 1.56 കോടി വോട്ടർമാരാണുള്ളത്.
ഏറ്റവും കൂടുതൽ പോളിങ് ഉള്ളത് വടക്കുകിഴക്കൻ ജില്ലകളിലാണ്, 52.73 ശതമാനം. ന്യൂഡൽഹിയിൽ 43.10 ആണ് പോളിങ് ശതമാനം. നിയോജക മണ്ഡലങ്ങളുടെ കണക്കെടുത്താൽ മുസ്തഫാബാദിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 56.12 ശതമാനം. കരോൾ ബാഗിൽ പോളിങ് വളരെ കുറവാണ്(39.05 ശതമാനം).
മധ്യഡൽഹിയിൽ 43.45, കിഴക്കൻ ഡൽഹിയിൽ 47.09, വടക്കൻഡൽഹിയിൽ 46.31, വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ 46.81, തെക്കൻഡൽഹിയിൽ 44.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 70 നിയോജക മണ്ഡലങ്ങളിലായി 13,766 പോളിങ് സ്റ്റേഷനുകളിലാണ് പോളിങ് പുരോഗമിക്കുന്നത്.
2020 ലെ തെരഞ്ഞെടുപ്പിൽ 62.59ആയിരുന്നു പോളിങ് ശതമാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 56 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്ര പതി ജഗ്ദീപ് ധൻഖർ, ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയിരുന്നു.
ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. തുടർഭരണം ലക്ഷ്യമിട്ടാണ് എ.എ.പിയുടെ മത്സരം. കൈവിട്ട അധികാരം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഡൽഹി കൂടി പിടിച്ചെടുക്കാനാണ് ബി.ജെ.പി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. 25 വർഷം മുമ്പാണ് ഏറ്റവും ഒടുവിൽ ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.