ഡൽഹിയിൽ 70ൽ 67 കോൺഗ്രസ് സ്ഥാനാർഥികൾക്കും കെട്ടിവെച്ച തുക നഷ്ടമായി
text_fieldsന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മത്സരിച്ച 699 സ്ഥാനാർഥികളിൽ 555 പേർക്കും (79.39 ശതമാനം) കെട്ടിവെച്ച പണം നഷ്ടമായി. ഇതിൽ മൂന്ന് സീറ്റുകൾ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
2013 വരെ തുടർച്ചയായി മൂന്ന് തവണ ഡൽഹി ഭരിച്ച കോൺഗ്രസ് തുടർച്ചായ മൂന്നാം തവണയാണ് ഒരു സീറ്റു പോലുമില്ലാതെ ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ രണ്ടുശതമാനത്തിന്റെ വർധനവുണ്ടെങ്കിലും മത്സരിച്ച 70ൽ 67 സ്ഥാനാർഥികൾക്കും കെട്ടിവെച്ച തുക കിട്ടിയില്ല.
അഭിഷേക് ദത്ത്, രോഹിത് ചൗധരി, ദേവേന്ദ്ര യാദവ് എന്നിവർ മാത്രമാണ് തുക തിരിച്ചുകിട്ടുന്ന കോൺഗ്രസ് സ്ഥാനാർഥികൾ. എ.എ.പി, ബി.ജെ.പിയും സഖ്യകക്ഷികളും, ജനതാദൾ (യുനൈറ്റഡ്), എൽ.ജെ.പി (രാം വിലാസ്) എന്നിവയുടെ എല്ലാ സ്ഥാനാർഥികൾക്കും രണ്ട് സീറ്റിൽ മാത്രം മത്സരിച്ച എ.ഐ.എം.ഐ.എമ്മിന്‍റെ ശിഫാവുറഹ്മാൻ ഖാനും തുക തിരിച്ചുകിട്ടും.
1951ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പൊതുവിഭാഗത്തിൽനിന്ന് മത്സരിക്കുന്നയാൾ 10,000 രൂപയും പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ളവർ 5,000 രൂപയും തെരഞ്ഞെടുപ്പ് കമീഷനിൽ കെട്ടിവെക്കണം. തെരഞ്ഞെടുക്കപ്പെടാതിരിക്കുകയും എല്ലാ സ്ഥാനാർഥികൾക്കും ലഭിച്ച മൊത്തം സാധുതയുള്ള വോട്ടിന്‍റെ ആറിലൊന്നിൽ കൂടുതൽ നേടാതിരിക്കുകയും ചെയ്താൽ കെട്ടിവെച്ച തുക നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

