ഓൺലൈൻ സീരിയൽ തലക്കുപിടിച്ച് 'തട്ടിക്കൊണ്ടുപോകൽ നാടകം; കുടുംബത്തിൽ നിന്ന് ചോദിച്ചത് 2 ലക്ഷം നഷ്ടപരിഹാരം
ന്യൂഡൽഹി: ജനപ്രിയ ഓൺലൈൻ സീരിയലിൽ ആവേശംകൊണ്ട് സ്വന്തം ബന്ധുക്കളിൽനിന്ന് പണം തട്ടാൻ യുവാക്കളുടെ ശ്രമം. 22 വയസ്സ് പ്രായമുള്ള രണ്ട് ചെറുപ്പക്കാരാണ് സ്വന്തം കുടുംബങ്ങളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച് കുടുങ്ങിയത്. ഡൽഹി സാകിർ നഗറിലെ നദീം, അഫ്താബ് എന്നിവരാണ് അറസ്റ്റിലായത്. അതേ ദിവസം ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലും ഇരുവരും പ്രതികളാണ്.
പിതാവിെൻറ ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന നദീമിന് മദ്യം വാങ്ങാൻ പിതാവ് പണം നൽകിയിരുന്നില്ല. മറ്റ് അധിക ചെലവുകളും പിതാവ് അംഗീകരിച്ചില്ല. അത് പരിഹരിക്കാനാണ് 'Breathe, into the Shadows' എന്ന വെബ് പരമ്പരയിലെ കാഴ്ചകൾ മാതൃകയാക്കി പണം തട്ടാൻ തീരുമാനിച്ചത്. നദീമിനെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാൻ രണ്ടു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു പിതാവിന് ലഭിച്ച ഫോൺ സന്ദേശം. ബന്ധുവായ അഫ്താബിെൻറ പിതാവാണ് പൊലീസിൽ വിവരമറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കഥകൾ പൊളിയുകയായിരുന്നു. അഫ്താബും നദീമിനൊപ്പമുണ്ടെന്നും പൊലീസിന് മനസ്സിലായി. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ലളിതമായത്. ജാമിഅ നഗറിൽനിന്ന് സ്ത്രീയുടെ മൊബൈൽ ഫോൺ നഷ്ടമായതിലെ പ്രതികളും ഇവർ തന്നെയെന്ന് പൊലീസിന് മനസ്സിലായി. വൈകാതെ ഇരുവരും പിടിയിലുമായി.