സംസാരിച്ചിരിക്കെ മരിച്ചുവീഴുന്ന മനുഷ്യര്‍
text_fieldsന്യൂഡല്‍ഹി: ‘‘അത് വരെ ഞങ്ങളോട് ചിരിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു 35 വയസ്സുള്ള ആ യുവാവ്. പെട്ടെന്നാണ് ഓക്സിജന്‍ നില കുറഞ്ഞത്. വലിയ ഞെട്ടലുണ്ടാക്കിയ മരണമായി അത്.’’ ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സ കേന്ദ്രമായ ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡുകളില്‍ കണ്മുന്നില് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് പറയുകയാണ് നഴ്സിങ് സ്റ്റാഫ്. ഹൈ േഫ്ലാ ഓക്സിജന്‍ കൊടുത്ത് അയാളെ രക്ഷിക്കാന്‍ നടത്തിയ ശ്രമമൊന്നും ഫലിച്ചില്ല.
രാവിലെ എട്ട് മണിക്ക് കണ്മുന്നില് മരിച്ച രണ്ട് രോഗികളിലൊരാള്‍ രണ്ട് മണിക്കൂര്‍ മുമ്പാണ് വാര്‍ഡിലേക്ക് വന്നത്. 60നോടടുത്ത പ്രായമുണ്ടായിരുന്നുവെങ്കിലും കാഴ്ചയില്‍ ഒരു കുഴപ്പവുമില്ലാത്തയാള്. കട്ടിലില്‍ ഇരുന്ന് ചുറ്റിലുമുള്ള മനുഷ്യരോടൊക്കെ സൗഹൃദം പങ്കിട്ട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. വാര്ഡിെലത്തി രണ്ട് മണിക്കൂറിനകം അയാളും മരിച്ചു. രണ്ടാമത് മരിച്ചത് 38 വയസ്സുള്ള സ്ത്രീയാണ്.
ഡോക്ടര്‍ വന്ന് സംസാരിച്ച് പരിശോധിച്ചപ്പോഴും മരുന്ന് കുറിച്ചപ്പോഴുമെല്ലാം ഒരു തരത്തിലുള്ള പ്രയാസവുമുണ്ടായിരുന്നില്ല. ഡ്യൂട്ടിയെടുത്ത് രണ്ട് മണിക്കൂറിനിടയില്‍ അവരും മരിച്ചു. ഇവര്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞുവെച്ചിട്ടും മണിക്കൂറുകളോളം കൊണ്ടുപോകാതെ വാര്‍ഡില്‍ കിടന്നു. രോഗികളുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിക്ക് പുറത്ത് അക്ഷമരായി കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്. മൂന്നര മണിക്ക് മരിച്ച ഈ രണ്ട് മൃതദേഹങ്ങളും വാര്‍ഡില്‍ നിന്ന് കൊണ്ട് പോകുന്നത് എട്ട് മണിക്കൂര്‍ കഴിഞ്ഞാണ്. തെൻറ വാര്‍ഡിലടക്കം മൃതദേഹങ്ങള്‍ ഈ വിധമിട്ട് ജീവനക്കാര്‍ തട്ടിക്കളിച്ചതാണ് സുപ്രീംകോടതി ഇടപെടലിന് കാരണമായതെന്ന് നഴ്സിങ് സ്റ്റാഫ് പറഞ്ഞു.
ഡല്‍ഹിയില്‍ ആളുകള്‍ വരുന്നു, മരിക്കുന്നു എന്ന സ്ഥിതിവിശേഷമാണ്. ഈ ആശുപത്രിയിലെ ഓരോ കോവിഡ് വാര്‍ഡിലെയും 30 ബെഡുകളിലും അഡ്മിറ്റാകുന്ന രോഗികളും ഈ അവസ്ഥയിലുള്ളവരാണ്. ഇപ്പോള്‍ സാധാരണ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെല്ലാം തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തേണ്ടവരാണ്. എന്നാല്‍ ഐ.സി.യു നിറഞ്ഞത് കാരണം ഇവരെ അവിടെ കിടത്താന്‍ ബെഡില്ല. വാര്‍ഡുകളില്‍ കൂട്ടമരണങ്ങള്‍ സംഭവിക്കുന്നതിന് അതാണ് പ്രധാന കാരണം. മരണത്തോട് മല്ലിടുന്നവരില് പ്രായമുള്ളവരും ചെറുപ്പക്കാരുമുണ്ടെങ്കില് ചെറുപ്പക്കാരെ രക്ഷിക്കുന്നതിന് മുന്‍ഗണന നല്കുന്ന വിദേശ രാജ്യങ്ങളിലെ അവസ്ഥയിലേക്ക് ഡല്‍ഹി എത്തിക്കഴിഞ്ഞെന്നും നഴ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
