രോഗബാധ മൂടിവെച്ചപ്പോള്‍ വ്യാപനം അതിരൂക്ഷം
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികളില്‍ കാര്യങ്ങള്‍ കൈവിട്ട് കോവിഡ് മരണങ്ങള് കുതിച്ചുയരുന്നതിന് പിന്നിലെ യാഥാർഥ്യം അറിയണ്ടേ? രോഗബാധിതരുടെ ജീവന് രക്ഷിക്കാനുള്ള സംവിധാനം ഒരുക്കുന്നതിന് പകരം രോഗികളുടെയും മരിച്ചവരുടെയും കണക്ക് മറച്ചുവെക്കാന്‍ നടത്തിയ തന്ത്രങ്ങളാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അതിനായി ലക്ഷണങ്ങളില്ലാത്ത രോഗികളെയും മരിച്ചിട്ട് കൊണ്ടുവരുന്നവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമൂലം രോഗവാഹകര്‍ തങ്ങള്‍ രോഗികളാണെന്ന് അറിയാതെ ആയിരങ്ങള്‍ക്ക് രോഗം പകര്‍ന്നുകൊടുത്തതാണ് ഡല്‍ഹിയെ മരണമുനമ്പാക്കിയത്. ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങള്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കേണ്ടെന്ന് തീരുമാനിച്ചത് മൂലം സമ്പര്‍ക്കത്തിലായവരെ ക്വാറൻറീനിലാക്കാൻ നടപടിയുണ്ടായില്ല. അവര്‍ നിയന്ത്രണങ്ങളില്ലാതെ ജനങ്ങളുമായി ഇടപഴകിയെന്ന് ഡല്‍ഹി എയിംസിലെ ആരോഗ്യ പ്രവര്ത്തകന് ‘മാധ്യമ’ത്തോടു പറഞ്ഞു.
ലക്ഷണങ്ങളില്ലാത്തവരാണ് ഭൂരിഭാഗം കോവിഡ് ബാധിതരെന്ന് അറിയാമായിരുന്നിട്ടും അവരെ പരിശോധിക്കേണ്ടെന്ന തീരുമാനം കോവിഡ് ബാധയുടെ യഥാര്‍ഥ വ്യാപ്തി പുറത്തുവരാതിരിക്കാതിരിക്കാനായിരുന്നു. ഏറ്റവും കൂടുതല്‍ അപകടം വിതച്ചത് ഈ തീരുമാനമാണെന്നും ആരോഗ്യപ്രവര്ത്തകന് പറയുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിശോധന നിലവിലുള്ളതിെൻറ മൂന്നിരട്ടിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ആവശ്യപ്പെട്ടത്.
തുടർന്ന് കോവിഡ് ബാധിതരെന്നും കോവിഡ് ബാധ സംശയിക്കുന്നവരെന്നും രോഗികളെ രണ്ടായി തിരിച്ച് വാര്‍ഡുകളിലാക്കി.
രോഗലക്ഷണങ്ങളുമായി വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സാമ്പിളെടുത്ത് പരിശോധനക്ക് അയക്കുന്നവരെല്ലാം കോവിഡ് ബാധ സംശയിക്കുന്നവരുടെ ഗണത്തിൽെപ്പടുത്തി. അവരുടെ സാമ്പിള്‍ എടുക്കുന്നതിന് മുമ്പോ, ഫലമറിയും മുമ്പോ മരിച്ചാൽ അതൊന്നും ഡല്‍ഹി സര്‍ക്കാറിെൻറ കോവിഡ് കണക്കിലില്ല. എന്നാല്‍ അവരെയൊക്കെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്കരിക്കുന്നത്.
കോവിഡ് ബാധിതര്‍ക്ക് മറ്റേതെങ്കിലും രോഗങ്ങള്‍ ഉണ്ടെങ്കിൽ കോവിഡ് മരണമായി കണക്കാക്കില്ലെന്ന വിചിത്ര തീരുമാനം ഡല്‍ഹി സര്‍ക്കാര്‍ എടുത്തതും രോഗം നേരിടാനായിരുന്നില്ല. ഇവയെല്ലാം ഡല്‍ഹിയിലെ കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കാനായിരുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
