സോണിയക്കും രാഹുലിനും പറയാനുള്ളത് കേൾക്കും, അത് അവരുടെ അവകാശം; നാഷനൽ ഹെറാൾഡ് കേസിൽ കോടതി
text_fieldsന്യൂഡൽഹി: നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡല്‍ഹി കോടതി. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ മാസം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇരുനേതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സോണിയക്കും രാഹുലിനും എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കണം എന്ന് ജഡ്ജി വിശാല്‍ ഗോഗ്‌നെ ചൂണ്ടിക്കാട്ടി.
'നിലവിൽ കേസ് പരിഗണനയിലാണ്. കുറ്റാരോപിതർക്കെതിരെ കേസ് എടുക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നതിന് മുമ്പ് വാദം കേൾക്കാനുള്ള പ്രത്യേക അവകാശം അവർക്കുണ്ട്' -കോടതി ചൂണ്ടിക്കാട്ടി. ഈ അവകാശം സെക്ഷൻ 223 ലെ പ്രത്യേക വ്യവസ്ഥയിൽ നിന്നാണ് വരുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
നടപടിക്രമങ്ങളുടെ ഏത് ഘട്ടത്തിലും വാദം കേൾക്കുന്നതിനും ന്യായമായ വിചാരണക്കുമുള്ള അവകാശം കുറ്റാരോപിതർക്കുണ്ടെന്നും ഇത് ഇ.ഡിക്ക് ഒരു ദോഷവും വരുത്തുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ ഏജൻസി എതിർക്കുന്നില്ലെന്നും ന്യായമായ വിചാരണയെ പിന്തുണക്കുന്നുവെന്നും ഇ.ഡിയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു.
സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ചേർന്ന് നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തുച്ഛവിലക്ക് കോൺഗ്രസിന്റെ തന്നെ ‘യങ് ഇന്ത്യൻ ലിമിറ്റഡി’ന്റെ പേരിലേക്ക് മാറ്റിയെന്നാണ് കേസ്. കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ, സുമൻ ദുബെ എന്നിവർക്കെതിരെയാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.