ന്യൂഡൽഹി: വിസ ചട്ടവും കോവിഡ് മാർഗനിർദേശവും ലംഘിച്ചെന്ന് ആരോപിച്ച് റിമാൻഡ് ചെയ്ത 21 രാജ്യങ്ങളിലെ തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് ജാമ്യം. ഓരോരുത്തർക്കും 10,000 രൂപ ബോണ്ടിന്മേലാണ് ഡൽഹി ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഗുർമോഹിന കൗർ ജാമ്യം അനുവദിച്ചത്. ശിക്ഷ ഇളവ് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഹരജി സമർപ്പിക്കുമെന്ന് ഇവർക്കുവേണ്ടി ഹാജരായ അഡ്വ. അശിമ മണ്ഡല പറഞ്ഞു.
ഹോട്ടലിൽ താമസിക്കുകയായിരുന്ന തബ്ലീഗ് പ്രവർത്തകർ വിഡിയോ കോൺഫറൻസ് മുഖേനയാണ് കോടതിയിൽ ഹാജരായത്. അഫ്ഗാനിസ്താൻ, ബ്രസീൽ, ചൈന, യുക്രെയ്ൻ, യു.എസ്, ആസ്ട്രേലിയ, ഈജിപ്ത്, റഷ്യ, അൽജീരിയ, ബെൽജിയം, സൗദി അറേബ്യ, ജോർഡൻ, ഫ്രാൻസ്, കസാഖ്സ്താൻ, മൊറോക്കോ, തുനീഷ്യ, ബ്രിട്ടൻ, ഫിജി, സുഡാൻ, ഫിലിപ്പീൻസ്, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്.