ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഡൽഹി കോടതി
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി നേതാവും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോക്സോ കേസ് ഡൽഹി കോടതി അവസാനിപ്പിച്ചു. പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗോമതി മനോച്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്.
കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത വനിത ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്. 2023 ആഗസ്റ്റ് ഒന്നിന് നടന്ന വിചാരണക്കിടെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിഷയത്തില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. അന്വേഷണത്തിനിടെ ബ്രിജ് ഭൂഷണെതിരെ വ്യാജ പരാതി നല്‍കിയതായി വനിത ഗുസ്തിക്കാരിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പോക്‌സോ നിയമപ്രകാരമുള്ള കേസ് പിന്‍വലിക്കാന്‍ 2023 ജൂണ്‍ 15 ന് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു.
തന്റെ മകളോട് അന്യായമായി പെരുമാറിയെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഗുസ്തിക്കാരിയുടെ പിതാവ് തനിക്കെതിരെ പരാതി നല്‍കിയതെന്ന് ബ്രിജ് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ബ്രിജ് ഭൂഷണ്‍ നിഷേധിക്കുകയും ചെയ്തിരുന്നു. വിചാരണക്കിടെ പൊലീസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ആറ് മുതിര്‍ന്ന വനിത ഗുസ്തിക്കാര്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ ലൈംഗിക പീഡനം, അന്യായമായി പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമുള്ള കേസുകള്‍ ബ്രിജ് ഭൂഷനെതിരെ നിലനില്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

