ട്വീറ്റുകളുടെ പേരിൽ ഷെഹ്‌ല റാഷിദിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിക്കാൻ പൊലീസിന് അനുമതി നൽകി ഡൽഹി കോടതി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഷോറക്കെതിരായ 2019 ലെ രാജ്യദ്രോഹ കേസ് പിൻവലിക്കാൻ ഡൽഹി പൊലീസിന് ഡൽഹി കോടതി അനുമതി നൽകി.
ഷെഹ്‌ലക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് അനുവദിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാർശ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അംഗീകരിച്ചുവെന്നും അപേക്ഷയിൽ പറയുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ നേരത്തെ വിമർശിച്ച ഷെഹ്‌ല, താഴ്‌വരയിലെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തിയതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ പിന്നീട് പ്രശംസിക്കുകയുണ്ടായി.
കശ്മീരി ജനതയെ സായുധ സേന പീഡിപ്പിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്ത ഷെഹ്‌ലക്കെതിരായ കേസ് 2019 ആഗസ്റ്റ് 18 മുതലുള്ളതാണ്. ആരോപണങ്ങൾ നിഷേധിച്ച സൈന്യം അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാത്തതുമാണെന്നും പ്രതികരിച്ചിരുന്നു. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2019ലാണ് ഷെഹ്‌ലക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
രാത്രിയിൽ സായുധ സേനകൾ വീടുകളിൽ അതിക്രമിച്ച് കയറുകയും അവരെ കൊള്ളയടിക്കുകയും ആൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതിനെക്കുറിച്ച് ഷെഹ്‌ല ട്വീറ്റ് ചെയ്തതായി പരാതിയിൽ പറയുന്നു. ‘ഷോപിയാനിൽ, 4 പേരെ ആർമി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു പീഡിപ്പിച്ചു. അവരുടെ നിലവിളി പ്രദേശം മുഴുവനും കേൾക്കാനും പരിഭ്രാന്തരാകാനും കഴിയുന്ന തരത്തിൽ ഒരു മൈക്ക് അവർക്ക് സമീപം സൂക്ഷിച്ചിരുന്നു. ഇത് മുഴുവൻ പ്രദേശത്തും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു.
ഷെഹ്‌ലയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും സൈന്യത്തിനെർ പ്രതിച്ഛായ തകർക്കാൻ ഷെഹ്‌ല ബോധപൂർവം വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും ശ്രീവാസ്തവ പരാതിയിൽ അവകാശപ്പെട്ടു. രാജ്യദ്രോഹം, ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഷെഹ്‌ലക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
2016ലെ ജെ.എൻ.യുവി പരിപാടിയെച്ചൊല്ലി അന്നത്തെ ജെ.എൻ.യു പ്രസിഡന്റ് കനയ്യ കുമാർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച വിവാദത്തെത്തുടർന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരായ വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിന്റെ പ്രമുഖ മുഖമായി ഷെഹ്‌ല ഉയർന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിലെ ഏതാണ്ട് മുഴുവൻ രാഷ്ട്രീയ നേതൃത്വവും അറസ്റ്റിലാകുമ്പോൾ ഒരു ഗവേഷണ പദ്ധതിയുമായി ബംഗളൂരുവിലായിരുന്നു ഷെഹ്‍ല. വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി തയാറാക്കാൻ അവർ സഹകരിച്ചിരുന്നു.
ഐ.എ.എസ് ഓഫിസർ ഷാ ഫൈസലിന്റെ നേതൃത്വത്തിൽ ഹ്രസ്വകാല ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാളാകുന്നതുവരെ ഷെഹ്‌ല 2019 വരെ സി.പി.ഐ.എം.എൽ ലിബറേഷന്റെ ‘ഐസ’യുടെ അംഗമായിരുന്നു.
2023ൽ ഫൈസലിനെ ഐ.എ.എസ് ഓഫിസറായി തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെ ഫൈസലും ഷെഹ്‌ലയും തങ്ങളുടെ അപേക്ഷകൾ പിൻവലിച്ചു. മൂന്നു വർഷത്തിന് ശേഷം അദ്ദേഹം രാജിവെച്ച് ജമ്മു കശ്മീരിൽ രാഷ്ട്രീയത്തിൽ ചേർന്നു.
ആ വർഷം അവസാനം, ഷെഹ്‌ല എ.എൻ.ഐ എഡിറ്റർ സ്മിതാ പ്രകാശിനൊപ്പം ഒരു പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടു. അവിടെ അവർ മോദിയെ പ്രശംസിക്കുകയും ആർട്ടിക്കിൾ 370നെക്കുറിച്ചുള്ള തന്റെ നിലപാട് പരസ്യമായി മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

