ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിലൂടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മകൾക്ക് നഷ്ടമായത് 34,000 രൂപ. ഓൺലൈൻ പോർട്ടൽ വഴി സോഫ വിൽക്കാൻ ശ്രമിക്കവെയാണ് ഹർഷിത കെജിരിവാളിന് പണം നഷ്ടപ്പെട്ടത്.
ഹർഷിത ഒരു ഓൺലൈൻ വിൽപ്പന സൈറ്റിൽ സോഫ വിൽക്കാനുണ്ടെന്ന് കാണിച്ച് പരസ്യം ചെയ്തിരുന്നു. വാങ്ങാൻ താത്പര്യം അറിയിച്ച് ഒരാൾ വിളിക്കുകയും വില സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തു. പണം നൽകാനായി ബാങ്ക് വിവരങ്ങൾ വെരിഫൈ ചെയ്യാനെന്ന് പറഞ്ഞ് ഹർഷിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾകുറച്ച് പണവും ഇട്ട് വിശ്വാസ്യത ഉറപ്പിച്ചു.
തുടർന്ന് അയച്ച ക്യൂ.ആർകോഡിൽ സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഹർഷിത ക്യൂ.ആർകോഡിൽ സ്കാൻ ചെയ്തതോടെ അക്കൗണ്ടിൽനിന്ന് 20000 രൂപ നഷ്ടപ്പെട്ടു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ ക്യൂ.ആർ കോഡ് തെറ്റായി അയച്ചതാണെന്നും മറ്റൊരു കോഡ് അയക്കാമെന്നും മറുപടി ലഭിച്ചു.
തുടർന്ന് ലഭിച്ച ക്യൂ ആർകോഡ് സ്കാൻ ചെയ്തപ്പോൾ 14000 രൂപ കൂടി നഷ്ടമായി. പിന്നാലെ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായതോടെ ഹർഷിത സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.