ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വസതിയിൽ നിന്ന് കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്ന് പൊലീസ്. കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഡൽഹി പൊലീസ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ദൃശ്യങ്ങളും അതിലെ സമയവും തമ്മിൽ യോജിക്കുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കെജ്രിവാളും ചീഫ് സെക്രട്ടറിയും ആം ആദ്മി എം.എൽ.എമാരും തമ്മിൽ മുഖ്യമന്ത്രിയുടെ സ്വീകരണമുറിയിലാണ് കൂടികാഴ്ച നടത്തിയതെന്ന് ഡി.സി.പി ഹരീന്ദ്ര സിങ് പറഞ്ഞു. സ്വീകരണമുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായ ഫോറൻസിക് പരിശോധനക്ക് അയച്ചുവെന്നും ഡി.സി.പി വ്യക്തമാക്കി. ഇൗ പരിശോധനയിലാണ് ദൃശ്യങ്ങളിൽ കൃത്രിമം നടന്ന കാര്യം വ്യക്തമായതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
അതേ സമയം, ആം ആദ്മി എം.എൽ.എമാർ നടത്തുന്ന കൂടികാഴ്ചയുടെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് വിവരം. വിവാദങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ.