‘എന്തൊരു പ്രഹസനമാണ് മന്ത്രീ..’; റോഡിലെ കുഴി നികത്താൻ എത്തിയത് ഫുൾ പി.ആർ ടീമിനൊപ്പം, പിന്നാലെ റീലും -VIDEO
text_fieldsന്യൂഡൽഹി: റോഡിലെ കുഴി നികത്താൻ പി.ആർ ടീമിനൊപ്പം എത്തിയ ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേശ് വർമക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ. 14 സെക്കൻഡുള്ള വിഡിയോയിൽ മന്ത്രിക്കൊപ്പം മറ്റ് നിരവധി പേരും കുഴി നികത്തുന്നത് കാണാൻ ചുറ്റും കൂടിയിരിക്കുന്നത് വ്യക്തമാണ്. എവിടെനിന്നാണ് ഇത്തരം കണ്ടന്‍റുകൾ സംഘടിപ്പിക്കുന്നതെന്ന ക്യാപ്ഷനോടെയാണ് എക്സ് ഉപയോക്താവ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ഗതിയിൽ ചെയ്തുപോകേണ്ട അറ്റകുറ്റപ്പണിയെ ഇത്തരത്തിൽ വലുതാക്കി കാണിക്കുന്നത് അൽപത്തരമാണെന്ന കമന്‍റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒറ്റ ദിവസം റോഡിലെ 3,400 കുഴികൾ നികത്താനുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തിയിലാണ് മന്ത്രി പ്രത്യക്ഷപ്പെട്ടത്. മഴക്കാലത്തിനു മുന്നോടിയായി നഗരത്തിലെ റോഡുകൾ കുറ്റമറ്റതാക്കാനാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ മന്ത്രി എത്തിയതോടെ കഥ മാറി. വലിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരെത്തുന്നത് സാധാരണമാണെങ്കിലും കുഴി നികത്തുന്നതു പോലുള്ള ചെറിയ അറ്റകുറ്റപ്പണിക്ക് മന്ത്രി എത്തിയതിന് വ്യാപക വിമർശനമാണ് ഉയരുന്നത്.
ക്യാമറാമാനും പി.ആർ ടീമിനുമൊപ്പം കുഴി നികത്താനെത്തിയ മന്ത്രിയെ പരിഹസിക്കുന്ന നിരവധി കമന്‍റുകളാണ് വിഡിയോക്ക് താഴെ വന്നത്. പുതിയ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് മന്ത്രിയുടെ പെരുമാറ്റമെന്നും ഡൽഹിക്കാർ തെരഞ്ഞെടുത്തത് കോമാളിയെ ആണെന്നും കമന്‍റുണ്ട്. ഒരു മഴ പോലും അതിജീവിക്കാത്ത റോഡ് പണിയാണ് നടക്കുന്നതെന്നും അതിന്‍റെ റീലെടുക്കാനാണ് മന്ത്രി എത്തിയതെന്നും വിമർശകർ പറയുന്നു. അതേസമയം കെജ്രിവാൾ സർക്കാറിനു കീഴിൽ റോഡുകളുടെ നില ശോചനീയമായിരുന്നെന്നും അതിലും ഭേദമാണ് നിലവിലെ സ്ഥിതിയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

