Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമ്മക്ക്​...

ഉമ്മക്ക്​ മരുന്നുവാങ്ങാൻ പണമില്ല; കോവിഡ് മൃതദേഹങ്ങൾക്കൊപ്പം ഈ 12-ാം ക്ലാസുകാര​െൻറ ജീവിതം

text_fields
bookmark_border
ഉമ്മക്ക്​ മരുന്നുവാങ്ങാൻ പണമില്ല; കോവിഡ് മൃതദേഹങ്ങൾക്കൊപ്പം ഈ 12-ാം ക്ലാസുകാര​െൻറ ജീവിതം
cancel

ന്യൂഡൽഹി: ‘​ൈവറസിനെ അതിജീവിക്കാനുള്ള സാധ്യത​ കാണുന്നുണ്ട്​. പക്ഷേ, പട്ടിണിയിൽ നിന്ന്​ രക്ഷപ്പെടാൻ വേറെ മാർഗമില്ല’ -തൊട്ടരികെ കത്തുന്ന ചിതയിലെ തീയേക്കാൾ പൊള്ളുന്നതായിരുന്നു ചാന്ദ്​ മുഹമ്മദി​​െൻറ വാക്കുകൾ.

ഉമ്മക്ക്​ മരുന്ന്​ വാങ്ങണം, സഹോദരങ്ങളെ പഠിപ്പിക്കണം, വീട്ടിലെ പട്ടിണി മാറ്റണം. ഇതിനെല്ലാമായി നിലവിൽ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്നിൽ ഏർപ്പെട്ടിരിക്കുകയാണ്​ ഈ 12ാം ക്ലാസുകാരൻ. അവ​​െൻറ ജീവിതമിപ്പോൾ കോവിഡ്​ ബാധിച്ച്​ മരിച്ചവർക്കൊപ്പമാണ്​.

വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപുരിൽ നിന്നുള്ള ഈ 20കാരൻ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്ന ഡൽഹിയിലെ ശ്​മശാനങ്ങളിലൊന്നിലാണ്​ ജോലി ചെയ്യുന്നത്​. 

‘വീട്ടിലെ ദാരിദ്ര്യം മാറ്റാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞപ്പോളാണ്​ ഞാൻ ഈ വഴി സ്വീകരിച്ചത്​. എനിക്കറിയാം, ഇത്​ അപകടം പിടിച്ച ജോലിയാണ്​. വൈറസ്​ബാധയേൽക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്​. പക്ഷേ, എനിക്കീ ജോലി വേണം’ -ചാന്ദ്​ പറയുന്നു.

മാതാപിതാക്കളും നാല്​​​​ സഹോദരങ്ങളുമടക്കം ഏഴുപേരാണ്​ ചാന്ദ്​ മുഹമ്മദി​​െൻറ കുടുംബത്തിലുള്ളത്​. മൂത്ത സഹോദരന്​ കൃഷ്​ണനഗർ മാർക്കറ്റിലെ ഒരു കടയിൽ ജോലി ഉണ്ടായിരുന്നു. ലോക്​ഡൗണിൽ അത്​ നഷ്​ടമായതോടെയാണ്​ കുടുംബത്തി​​െൻറ നിത്യജീവിതം വഴിമുട്ടിയത്​. പട്ടിണിയുടെ നാളുകളായിരുന്നു പിന്നെ. ജോലിക്കായി പല വാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.

ചാന്ദ്​ മുഹമ്മദിനും മൂത്ത സഹോദരനും വല്ലപ്പോഴും എന്തെങ്കിലും കൂലിപ്പണി ലഭിക്കും. ഇതിൽനിന്നു കിട്ടുന്ന പണം കൊണ്ടാണ്​ അരിഷ്​ടിച്ച്​ ജീവിച്ചിരുന്നത്​.​ മിക്ക ദിവസവും ഒരുനേരത്തെ ഭക്ഷണം മാത്രമേ തയാറാക്കുമായിരുന്നുള്ളൂ. ബാക്കി സാധനങ്ങൾ പിറ്റേ ദിവസത്തേക്ക്​ കരുതി വെക്കും. തൈറോയ്​ഡ്​ രോഗിയായ ഉമ്മക്ക്​  മരുന്ന്​ വാങ്ങാൻ പണമില്ലാത്തതി​​െൻറ നോവാണ്​ സ്വന്തം ജീവൻ അപകടപ്പെടുത്താനുള്ള തീരുമാനത്തിലേക്ക്​ ചാന്ദ്​ മുഹമ്മദിനെ എത്തിച്ചത്​. ഇളയ മൂന്ന്​ സഹോദരിമാർ പഠിക്കുകയാണ്​. അവരുടെയും ത​​െൻറയും ഫീസ്​ അടക്കാൻ പണം കണ്ടെത്താനും മറ്റ്​ വഴിയൊന്നും ചാന്ദ്​ മുഹമ്മദി​​െൻറ മുന്നിൽ തുറന്നതുമില്ല.  

ചാന്ദ്​ മുഹമ്മദ്​ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്നു
 

ഒരാഴ്​ച മുമ്പാണ്​ ഒരു ലേബർ കോൺട്രാക്​റ്റിങ്​ കമ്പനി വഴി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിൽ ചാന്ദ്​ മുഹമ്മദിന്​ ജോലി ലഭിക്കുന്നത്​. അവിടെ കൊറോണ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്​മശാനത്തിലേക്ക്​ കൊണ്ടുപോകാനും സംസ്​കരിക്കാനും സഹായിക്കുകയാണ്​ ചെയ്യേണ്ടത്​.

മൃതദേഹം ആംബുലന്‍സില്‍ കയറ്റാനും ശ്മശാനത്തില്‍ എത്തിക്കാനും സംസ്‌കാരചടങ്ങുകള്‍ക്കായി സഹായിക്കാനുമൊക്കെ നിൽക്കണം. നിത്യവും രണ്ടോ മൂന്നോ മൃതദേഹങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഉച്ചക്ക്​ 12 മുതൽ രാത്രി എട്ടുവരെയാണ്​ ജോലി സമയം.   

മാസം 17,000 രൂപയാണ്​ വേതനമായി നിശ്​ചയിച്ചിരിക്കുന്നത്​. ആദ്യ പ്രതിഫലം ലഭിക്കുന്നതോടെ പ്രശ്​നങ്ങൾ ഒരുവിധം പരിഹരിക്കാൻ കഴിയുമെന്നാണ്​ ചാന്ദി​​െൻറ പ്രതീക്ഷ. അതോടൊപ്പം ഇത്രയേറെ അപകടരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തതിലെ ആശങ്കയും ചാന്ദ്​ പങ്കുവെക്കുന്നു. 

ചൊവ്വാഴ്​ച കൈകാര്യം ചെയ്​തത്​ അഴുകിയ മൃതദേഹം

ഈ ചൂടത്ത്​ പി.പി.ഇ കിറ്റ്​ ധരിച്ച്​ ജോലി ചെയ്യുന്നതി​​െൻറ വിഷമവും ചാന്ദ്​ വിവരിക്കുന്നു. ‘നല്ല ഭാരമാണതിന്​. നമുക്ക് അത്​ ധരിച്ചുകഴിഞ്ഞാൽ സ്വതന്ത്രമായി ചലിക്കാനും കഴിയില്ല. നേരേചൊവ്വേ ശ്വാസംവിടാൻ പോലുമാകില്ല. ജോലി കഴിയു​േമ്പാൾ വിയർത്തുകുളിക്കും. പക്ഷേ, സുരക്ഷ പ്രധാനമായതിനാൽ അത്​ ധരിക്കാതെയും വയ്യ’- ചാന്ദ്​ പറയുന്നു. 

ആശുപത്രിയിൽനിന്ന്​ മൃ​തദേഹം കയറ്റുന്നതു മുതൽ സംസ്​കരിക്കുന്നത്​ വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചാന്ദി​​െൻറ പങ്കാളിത്തമുണ്ട്​. സാധാരണ സഹായത്തിന്​ ആളുണ്ടെങ്കിലും കഴിഞ്ഞ ചൊവ്വാഴ്​ച തനിച്ച്​ ജോലി ചെയ്യേണ്ടി വന്നതി​​െൻറ അനുഭവവും ചാന്ദ്​ വിവരിക്കുന്നു.  
‘ആ മൃതദേഹം ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന്​ ഡോക്​ടർ പറഞ്ഞത്​ ഞാൻ കേട്ടിരുന്നു.

അവകാശികളാരും എത്താത്തതിനാൽ മോർച്ചറിയിൽ വെച്ചിരിക്കുകയായിരുന്നു. ശ്​മശാനത്തിലേക്ക്​ കൊ​ണ്ടുപോകാൻ അത്​ പൊതിഞ്ഞയാൾ ത​​െൻറ ജോലി ശരിക്ക്​ ചെയ്​തതുമില്ല. ആംബുലൻസിൽ നിന്ന്​ മൃതദേഹമിറക്കു​േമ്പാൾ അഴുകിയ ശരീരഭാഗങ്ങൾ എ​​െൻറ ദേഹത്ത്​ വീഴുകയും ചെയ്​തു. എത്ര അപകടകരമാണ്​ അതെന്ന്​ ഓർത്തുനോക്കൂ’- വൈറസ്​ ഭീതി വി​ട്ടൊഴിയുന്നില്ല ചാന്ദി​​െൻറ വാക്കുകളിൽ.

എല്ലാം ദൈവത്തിലർപ്പിച്ച്​...

മക​​െൻറ സുരക്ഷിതത്വത്തെ കുറിച്ചോര്‍ത്ത് ചാന്ദി​​െൻറ മാതാപിതാക്കൾക്ക്​ ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ അവര്‍ക്ക് മുന്നില്‍ മറ്റുവഴികളൊന്നുമില്ല താനും.

‘എ​​െൻറ ജോലിയെ കുറിച്ച്​ വീട്ടിലെല്ലാവർക്കും ആശങ്കയുണ്ട്​. ഞാന്‍ എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ട്. വീട്ടിലെത്തിയാല്‍ ഉടനെ കുളിക്കും. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിച്ചാണ് നടപ്പ്. നിത്യവും എ​​െൻറ ജോലിയെ കുറിച്ച് മാതാപിതാക്കള്‍ ചോദിച്ചറിയും. അവരെനിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. എ​​െൻറ ഉമ്മ എന്നെ ഓര്‍ത്ത് ഒരുപാട് കരയുന്നുണ്ട്. പക്ഷേ ഉമ്മയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി’- ചാന്ദ്​ പറയുന്നു.

ജീവിത പ്രാരാബ്​ധം കാരണം പലപ്പോളും ചാന്ദ്​ മുഹമ്മദി​​െൻറ പഠനം മുടങ്ങിയിരുന്നു. പ്ലസ്​ടുവിന്​ ശേഷം മെഡിസിന്​ ചേരണമെന്നാണ്​ ഈ 20കാര​​െൻറ ആഗ്രഹവും.  ‘ജോലിക്കായി വീട്ടിൽ നിന്നിറങ്ങും മുമ്പ്​ ഞാൻ നമസ്​കരിക്കും. ദൈവത്തിൽ എനിക്ക്​ പൂർണവിശ്വാസമുണ്ട്​. ദൈവം എന്നെ കാത്തുരക്ഷിക്കും. എനിക്ക്​ വഴികാണിച്ചു തരും’ -എല്ലാം ദൈവത്തിലർപ്പിച്ച്​ നല്ല നാളെക്കായി കാത്തിരിക്കുകയാണ്​ ചാന്ദ്​ മുഹമ്മദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Delhi Boy Cremates Covid Victims​Covid 19
News Summary - Delhi Boy Cremates Covid Victims To Pay For Mother's Medicines, School Fees -India news
Next Story