പക്ഷി ഇടിച്ചു, വിമാനത്തിൽ തീ; തിരിച്ചിറക്കി
text_fieldsപട്ന: പറന്നുയർന്ന ഉടൻ തീപിടിച്ച പട്ന-ഡൽഹി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്നാണ് തീ പിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്. ഞായറാഴ്ച ഉച്ചക്ക് 12.10ന് പട്ന വിമാനത്താവളത്തിൽനിന്ന് ബോയിങ്-737 വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകമാണ് എൻജിന് തീപിടിച്ചത്.
തുടർന്ന് ഏതാനും മിനിറ്റുകൾക്കകം തിരിച്ചിറങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നുവെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചതായി സ്പൈസ്ജെറ്റ് അധികൃതർ പറഞ്ഞു.
ടേക്ഓഫ് കഴിഞ്ഞയുടൻ കുലുക്കം അനുഭവപ്പെട്ടുവെന്നും വിളക്കുകൾ അണഞ്ഞുവെന്നും യാത്രക്കാർ പറഞ്ഞു.