ചെങ്കോട്ട സ്ഫോടനം: മൂന്ന് ഡോക്ടർമാർ എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsന്യുഡൽഹി: ചെങ്കോട്ടക്ക് സമീപം കാർ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട കേസിൽ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഡോക്ടർമാരെയും ഒരു പ്രഭാഷകനെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്തു. ഡോക്ടർമാരായ മുസമ്മിൽ ഗനായ്, അദീൽ റാത്തർ, ഷഹീന സയീദ്, പ്രഭാഷകനായ മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരെയാണ് എൻ.ഐ.എ ശ്രീനഗറിൽ കസ്റ്റഡിയിലെടുത്തത്. നിരവധി നിരപരാധികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ ഇവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻ.ഐ.എ വക്താവ് പറഞ്ഞു.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അമീർ റാഷിദ് അലി, ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. അമീർ റാഷിദ് അലിയുടെ പേരിൽ ചെങ്കോട്ടയ്ക്ക് പുറത്ത് പൊട്ടിത്തെറിച്ച സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചിരുന്ന ഡോ. ഉമറുൻ നബി കാർ വാങ്ങിയിരുന്നു. ഉമർ ചാവേർ ബോംബറാക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാനി അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 18ന് രാത്രിയിൽ ശ്രീനഗർ നഗരത്തിന് പുറത്തുള്ള ചുവരുകളിൽ നിരോധിത ജെയ്‌ഷെ മുഹമ്മദിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസിസെനയും സുരക്ഷാ സേനയെയും ആക്രമിക്കുമെന്ന മുന്നറിയിപ്പായിരുന്നു പോസ്റ്ററുകളിൽ.
സി.സി.ടി.വി ദൃശ്യങ്ങൾപരിശോധിച്ച്, പോസ്റ്റർ പതിച്ച ആരിഫ് നിസാർ ദാർ എന്ന സാഹിൽ, യാസിർ-ഉൽ-അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാർ എന്ന ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്ററുകൾ വിതരണം ചെയ്തത് മുൻ പാരാമെഡിക്കൽ ജീവനക്കാരനും പ്രഭാഷകനുമായ മൗലവി ഇർഫനാണെന്നായിരുന്നു ഇവരുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥരെ അൽ ഫലാഹ് സർവകലാശാലയിലേക്കും കശ്മീരി ഡോക്ടർമാരുടെ സംഘത്തിലേക്കും നയിച്ചത് ഈ ചോദ്യം ചെയ്യലാണ്.
ഫരീദാബാദിൽ വെച്ചാണ് മുസമ്മിൽ ഗനായിയെയും ഷഹീന സയീദിനെയും പിടികൂടിയത്. യു.പിയിലെ സഹാറൻപൂരിൽ നിന്ന് അദീൽ റാത്തറിനെയും വലയിലാക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

