ഡൽഹി സ്ഫോടനം: അൽ ഫലാഹും ജാമിയയും അലിഗഡും തീവ്രവാദികളുടെ താവളം, അതെല്ലാം തകർത്തു കളയണം- യതി നരസിംഹാനന്ദ് ഗിരി
text_fieldsന്യൂഡൽഹി: ഡൽഹി സ്ഫോടനങ്ങളിലെ പ്രതികളെന്ന് കരുതുന്നവർക്ക് അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിദ്വേഷ പരാമർശവുമായി ഗാസിയാബാദിലെ ദസ്ന ദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ യതി നരസിംഹാനന്ദ് ഗിരി. മുസ്‍ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പരാമർശം നടത്തുന്നതിൽ കുപ്രസിദ്ധനാണ് യതി. അൽഫലാഹ്, അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റിയും ജാമിയ മില്ലിയ്യയും ദാറുൽ ഉലൂം ദിയോബന്ദ് എന്നീ സർവകലാശാലകൾ തീവ്രവാദികളുടെ താവളമാണെന്നും ഇദ്ദേഹം ആരോപിച്ചു. ഈ സർവകലാശാലകൾ ബോംബിട്ട് തകർക്കണമെന്നും ഹിന്ദു പുരോഹിതൻ ആഹ്വാനം ചെയ്തു.
ഇവയെല്ലാം പൊളിച്ചുമാറ്റാൻ സൈന്യത്തെ വിന്യസിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായി അനുശോചനം രേഖപ്പെടുത്തിയ അൽഫലാഹ് സർവകലാശാല അവരെ ഹിന്ദുക്കൾശക്കതിരെ നിലകൊള്ളാൻ പ്രേരിപ്പിച്ചിരുന്നതായും യതി ആരോപിച്ചു. എന്നാൽ സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നുമായിരുന്നു അൽ ഫലാഹ് സർവകലാശാല അധികൃതരുടെ പ്രതികരണം.
അതിനിടെ, ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് എത്തിയതായിരുന്നു അദ്ദേഹം. എൽ.എൻ.ജി.പി ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
തിങ്കളാഴ്ച ലാൽക്വില മെട്രോ സ്റ്റേഷന് സമീപം ബോംബ് പെട്ടിത്തെറിച്ച് 13 പേർക്കാണ് ജീവൻ നഷ്ടമായത്. എത്ര പേർ മരിച്ചുവെന്നതിന് ഇനിയും കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങൾ കണക്കിലെടുത്ത് മരണ സംഖ്യ 14 വരെ ആയേക്കാമെന്നാണ് അധികൃതർ പറയുന്നത്. ചികിത്സയിലുള്ളവർക്ക് ചെവി, കരളുൾപ്പെടുന്ന ആന്തിരകാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റു.
ആക്രമണത്തിൽ പ്രതി എന്ന് കരുതുന്ന പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ ഉൻ നബിയുടെ മാതാവിന്‍റെ ഡി.എൻ.എ സാമ്പിൾ ഫോറൻസിക് ലബോറട്ടറി ശേഖരിച്ചു. എൻ.ഐ.എ സ്ഫോടനത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാബിനറ്റ് മീറ്റിങ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

