ഡൽഹി സ്ഫോടനം: കാറിന്റെ ആദ്യ ഉടമ പിടിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി സ്ഫോടനമുണ്ടായ കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് പിടികൂടി. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു.
കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ദേവേന്ദ്ര എന്നയാൾക്കാണ് മുഹമ്മദ് സൽമാൻ കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് 6.52ഓടെ ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. 24 പേർക്ക് പരിക്കുണ്ട്. പ്രദേശം ജനനിബിഡമായിരുന്നു. അതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹ്യൂണ്ടായ് ഐ.20 കാറാണ് പൊട്ടിത്തെറിച്ചത്. ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വർഷം മുഴുവൻ നല്ല തിരക്കുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ഏതാനും കിലോമീറ്റർ അകലെയുള്ള എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാണ്. സ്ഫോടനം നടന്ന പ്രദേശത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. നടന്നത് ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹി നഗരം അതിജാഗ്രതയിലാണ്. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘവും സ്ഥലത്തെത്തി. അനേകം മീറ്ററുകൾ അകലെ പാർക്കുചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു.
ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗൊൽച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ഡൽഹി സ്ഫോടന കാര്യങ്ങൾ വിശദീകരിച്ചു. എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ മേധാവികളുമായും അദ്ദേഹം സംസാരിച്ചു. അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്യങ്ങൾ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. ഡൽഹിക്ക് പുറമെ, മുംബൈ, ജയ്പൂർ, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അധികൃതർ അതിജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

