ന്യൂഡൽഹി: ഡൽഹിയിലെ 70 നിയമസഭ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് രാഷ്ട്രനിർമാണത്തിലും സ്വാതന്ത്ര്യസമരത്തിലും പെങ്കടുത്ത 70 പേരുടെ ചിത്രങ്ങൾ നിയമസഭക്കുള്ളിൽ പ്രദർശിപ്പിക്കുന്നു. ഭഗത് സിങ്, ബിര്‍സ മുണ്ട, സുഭാഷ് ചന്ദ്രബോസ്, ടിപ്പുസുൽത്താൻ തുടങ്ങി 70 പേരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്നാൽ, ടിപ്പുവിെൻറ ചിത്രം പ്രദർശിപ്പിക്കുന്നതിനെ വിവാദമാക്കി ബി.ജെ.പി രംഗത്തുവന്നു.
ഡൽഹിയുടെ ചരിത്രത്തിൽ ടിപ്പുസുൽത്താൻ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ എന്ന് ബി.ജെ.പി എം.എൽ.എ മജീന്ദർ സിർസ ചോദിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 144ാം പേജിൽ ടിപ്പുസുൽത്താെൻറ ചിത്രം നൽകിയിട്ടുണ്ടെന്നും ബി.ജെ.പി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും സ്പീക്കർ റാം നിവാസ് ഗോയൽ കുറ്റെപ്പടുത്തി. സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗംചെയ്ത ആരെങ്കിലും ബി.ജെ.പിയിലുണ്ടെങ്കിൽ അവരുടെ പേര് നിർദേശിക്കണമെന്ന് ആം ആദ്മി പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.