ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം; ഒാേട്ടാ ഡ്രൈവർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കാർ ബാറ്ററികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിെൻറ മർദനമേറ്റ് ഒാേട്ടാറിക്ഷ ഡ്രൈവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെസ്റ്റ് ഡൽഹിയിലെ മോഹൻ ഗാർഡനിലാണ് സംഭവം. ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം മൂവരെയും വൈദ്യുതി കാലിൽ കെട്ടിയിട്ട് അടിക്കുകയായിരുന്നു. അവിനാഷ് സക്സേന എന്നയാളാണ് മരിച്ചത്.
മർദനത്തിനിടെ ആൾക്കൂട്ടത്തിൽ ഒരാൾ ഡ്രൈവറുടെ ഫോൺ വാങ്ങി മാതാപിതാക്കളെ വിളിച്ചുവരുത്തിയെങ്കിലും അവരുടെ മുന്നിലിട്ടും മർദിച്ചു. മകെൻറ മുഖത്ത് വെള്ളം തളിച്ച് മർദനം തുടരുകയായിരുന്നുവെന്ന് അമ്മ കുസും ലത പറഞ്ഞു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. കൊലപാതകത്തിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉത്തംനഗർ പൊലീസ് പറഞ്ഞു.
മോഷണ പരാതിയിൽ മരിച്ച സക്സേനക്കും മുന്നിപാലിനും സുരജ് യാദവിനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് അനാസ്ഥയാണ് മകെൻറ മരണത്തിന് ഇടയാക്കിയതെന്ന് സക്സേനയുടെ മാതാപിതാക്കൾ ആരോപിച്ചു. അഞ്ചു മണിക്കൂറോളം ആൾക്കൂട്ടം മർദനം തുടർന്നിട്ടും പൊലീസ് രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി.
