‘വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപവത്കരിക്കും’; നാമനിർദേശ പത്രിക സമർപ്പിച്ച് കെജ്രിവാൾ
text_fieldsപത്രിക സമർപ്പിക്കാൻ ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ പാർട്ടി ഓഫീസിൽ നിന്ന് പുറപ്പെടുന്നു
ന്യൂഡല്‍ഹി: ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ന്യൂഡൽഹി നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഭാര്യ സുനിതക്കൊപ്പം ഹനുമാൻ, വാല്മീകി ക്ഷേത്രങ്ങളിൽ പ്രാർഥന നടത്തിയ കെജ്രിവാൾ പ്രവർത്തകർക്കൊപ്പം എ.എ.പി ഓഫിസിൽനിന്ന് ന്യൂഡൽഹി ജില്ല മജിസ്ട്രേറ്റ് ഓഫിസിലേക്ക് പദയാത്രയായി എത്തിയാണ് പത്രിക സമർപ്പിച്ചത്.
ഡൽഹിയിൽ വീണ്ടും എ.എ.പി അധികാരത്തിലെത്തുമെന്ന് കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപവത്കരിക്കും. എതിർപാർട്ടികൾ ചൊരിയുന്ന അധിക്ഷേപമല്ല, തങ്ങളുടെ പ്രവൃത്തികൾ കണക്കിലെടുത്ത് ജനം വോട്ടുചെയ്യും. ഡൽഹിയെക്കുറിച്ച് ബി.ജെ.പിക്ക് കാര്യമായ കാഴ്ചപ്പാടൊന്നുമില്ല. ജയിച്ചാൽ അടുത്ത അഞ്ചുവർഷം എന്തുചെയ്യുമെന്ന് ബി.ജെ.പി പറയുന്നില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ ഒരു മുഖം പോലുമില്ലാതെയാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഖലിസ്ഥാൻ സംഘടനകളിൽനിന്നുള്ള ഭീഷണി സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് കണക്കിലെടുക്കുന്നില്ല. ‘ജാക്കോ രാഖേ സയാൻ മാർ സാകെ നാ കോയേ’ (ദൈവത്താൽ സംരക്ഷിക്കപ്പെടുന്നവരെ ആർക്കും കൊല്ലാനാവില്ല). ദൈവം എന്നോടൊപ്പമുണ്ട്.
ഒരാൾ നിശ്ചിത ആയുസ്സ് പൂർത്തിയാകുന്നതുവരെ ജീവിക്കും. ആയുസ്സ് അവസാനിക്കുന്ന ദിവസം ദൈവം അവരെ തിരികെ വിളിക്കുമെന്നും പ്രാചിൻ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥനക്ക് ശേഷം കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

