ബി.ജെ.പിയുടെ തിരിച്ചുവരവ് 27 വർഷത്തിനുശേഷം; ആരു നയിക്കും?
text_fieldsന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ 27 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിന്റെ ആവേശത്തിലായിരുന്നു ശനിയാഴ്ച രാവിലെ മുതൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും. ആദ്യഫലം പുറത്തുവരാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാം പ്രതീക്ഷിച്ചപോലെ എന്ന മട്ടിൽ ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. പ്രധാന നേതാക്കളും പ്രവർത്തകരുമെല്ലാം ഇവിടേക്കൊഴുകി. ഫലം മാറിമറിയവെ, ഓരോ ഘട്ടത്തിലും പാർട്ടിയുടെ വിജയത്തിനൊപ്പം കൊട്ടിക്കയറിയും മോദിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകൾ ഉയർത്തിയും കെജ്രിവാളിന്റെ ചിത്രത്തിൽ ചെരുപ്പുയർത്തി അടിച്ചുമായിരുന്നു പ്രവർത്തകരുടെ ആഘോഷം.
ബി.ജെ.പി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും ദേശീയ സെക്രട്ടറി അനിൽ ആന്‍റണിയുമടക്കമുള്ളവർ ശനിയാഴ്ച രാവിലെ തന്നെ പണ്ഡിറ്റ് പന്ത് മാർഗിലെ സംസ്ഥാന കാര്യാലയത്തിലെത്തിയിരുന്നു. വലിയ എൽ.ഇ.ഡി വാളുകളിൽ തെരഞ്ഞെടുപ്പ് ഫലം മിന്നിമറയുന്നതിനിടെ പ്രവർത്തകർ ആവേശഭരിതരായി. വോട്ടെണ്ണലാരംഭിച്ച് മണിക്കൂർ പിന്നിടുന്നതിനുമുമ്പേ പ്രവർത്തകരുടെയും നേതാക്കളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകൾ ബി.ജെ.പിയുടെ തിരിച്ചുവരവ് പ്രവചിക്കുന്നതായിരുന്നു. വിജയം ഉറപ്പാണെന്നും യാതൊരു സംശയവുമില്ലെന്നും വീരേന്ദ്ര സച്ദേവ പറഞ്ഞു. ജനങ്ങൾക്ക് ഡബിൾ എൻജിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.
അതേസമയം, വിജയപ്രതീക്ഷയുമായി ശനിയാഴ്ച രാവിലെ മുതൽ ‘ആപ്’ ഓഫിസുകളിൽ തടിച്ചുകൂടിയ പ്രവർത്തകരുടെ മുഖത്ത് നിരാശ തളംകെട്ടി. പ്രതിസന്ധി ഘട്ടത്തിൽ നേടാനായ സീറ്റുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നായിരുന്നു പ്രവർത്തകരിൽ ചിലരുടെ പ്രതികരണം.
തിരിച്ചടിയേറ്റുവാങ്ങിയ ന്യൂഡൽഹിയിലടക്കം ആം ആദ്മി പാർട്ടി ഓഫിസുകൾ ഓരോന്നായി പൂട്ടുന്നതും കാണാമായിരുന്നു. ആശ്വാസ വിജയം നേടിയ മണ്ഡലങ്ങളിൽ ആം ആദ്മി പ്രവർത്തകരുടെ ആഘോഷങ്ങളുണ്ടായെങ്കിലും സർക്കാറിന് തിരിച്ചുവരവിന് വഴിയടഞ്ഞതോടെ പ്രഭ മങ്ങി.
അതേസമയം, ആപ്പിന്റെ ആധിപത്യം തകര്‍ത്ത് ഡല്‍ഹി ഭരണം പിടിച്ചതിന് പിന്നാലെ ഡൽഹിയിൽ ബി.ജെ.പി സർക്കാർ രൂപവത്കരണ ചർച്ച തുടങ്ങി. വിജയത്തിന് പിന്നാലെ ശനിയാഴ്ച ബി.ജെ.പി ഡൽഹി ഓഫിസിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര, പാർട്ടി വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡെ, ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ എന്നിവർ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമടങ്ങുന്ന നേതൃത്വം ശനിയാഴ്ച വൈകി ബി.ജെ.പി കേന്ദ്രകമ്മിറ്റി ഓഫിസിൽ കൂടിക്കാഴ്ച നടത്തി.
കെജ്രിവാളിനെ തോൽപിച്ച പർവേഷ് വർമയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന ഒരാൾ. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ.. നിലവിൽ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായ വിജേന്ദർ ഗുപ്തയുടേതാണ് ഉയർന്നുകേൾക്കുന്ന മറ്റൊരുപേര്. എ.എ.പി മന്ത്രിസഭയിൽ അംഗമായിരുന്ന കൈലാഷ് ഗെഹ്ലോട്ടിന്റെ പേരും ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. 2024 നവംബറിലാണ് ഗെഹ്ലോട്ട് മന്ത്രിപദം രാജിവെച്ച് ബി.ജെ.പിയിലെത്തിയത്. കോൺഗ്രസ് ഡൽഹി അധ്യക്ഷനായിരുന്ന അർവിന്ദ് സിങ് ലവ്‍ലിയുടേതാണ് പരിഗണിക്കുന്ന മറ്റൊരുപേര്. ഇതിനെല്ലാം പുറമെ, ബി.ജെ.പി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയുടെ പേരും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

