തെരഞ്ഞെടുപ്പിന് കളമൊരുങ്ങി ഡൽഹി: 70 സീറ്റുകളിൽ പത്രിക നൽകിയത് 981 പേർ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 70 സീറ്റുകളിലേക്ക് 981 സ്ഥാനാർഥികൾ 1,521 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ജനുവരി 20 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. അവസാന ദിവസമായ ശനിയാഴ്ച ആകെ 680 നാമനിർദേശ പത്രികകൾ ലഭിച്ചതായി ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച്, ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ-ആകെ 29 സ്ഥാനാർഥികൾ ഈ സീറ്റിലേക്ക് 40 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ ബി.ജെ.പിയുടെ പർവേഷ് വർമ (സാഹിബ് സിങ് വർമയുടെ മകൻ), കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് (ഷീലാ ദീക്ഷിതിന്റെ മകൻ) എന്നിവരെയാണ് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി സീറ്റിൽ നേരിടുന്നത്.
ഇതിനിടെ, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ഡോക്യുമെന്ററി പ്രദര്‍ശനം പൊലീസ് തടഞ്ഞു. ജയിലിലടക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാക്കളെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ‘അണ്ബ്രേക്കബിൾ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് പൊലീസ് തടഞ്ഞത്. അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെ പങ്കെടുക്കാനിരുന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് പ്രദര്‍ശനം നിരോധിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത് ബി.ജെ.പിയുടെ തന്ത്രമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. പ്രദര്‍ശനം തടയാന്‍ ബി.ജെ.പി പൊലീസിനെ ഉപയോഗിച്ചതാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

