Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടികളുടെ വാശി...

പാർട്ടികളുടെ വാശി ഏശാതെ ഡൽഹി

text_fields
bookmark_border
delhi election 09897
cancel

ന്യൂഡൽഹി: മൂന്ന് പാർട്ടികൾ നടത്തിയ വാശിയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹിയിൽ 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചത് മന്ദഗതിയിൽ. തണുപ്പുവിടാത്ത ഡൽഹിയിലെ പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ ഒരു മണിക്കൂറിൽ വളരെ കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. പാർട്ടി പ്രവർത്തകരുടെ വാശി വോട്ടർമാരിൽ പ്രതിഫലിച്ചില്ലെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ആദ്യ മണിക്കൂറുകൾ.

പലയിടങ്ങളിലും വോട്ടുയന്ത്രങ്ങൾ വളരെ മന്ദഗതിയിലാകുകയും പണിമുടക്കുകയും ചെയ്തതായി ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ പരാതിപ്പെട്ടു. ഡൽഹി തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡുമായി ബൂത്തുകളിലെത്തിയ നിരവധിപേർ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതറിഞ്ഞ് മടങ്ങിയതായും പരാതിയുയർന്നു.

രാഷ്ട്രപതി ദ്രൗപദി മുർമു, മുൻ രാഷ്ടപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററികാര്യ നേതാവ് സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, എസ്. ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

പാർട്ടി പതാകയൊഴിവാക്കി കാവിയണിയിച്ച് ബി.ജെ.പി

മഞ്ഞയും നീലയും കലർന്ന ഷാളുകളും പതാകകളുമായി ആപ് പ്രവർത്തകർ വോട്ടുകൾ ബൂത്തുകളിലെത്തിക്കാൻ ഇറങ്ങി​യപ്പോൾ ഹിന്ദുവോട്ടർമാരുടെ ബലത്തിൽ ഡൽഹി പിടിക്കാനിറങ്ങിയ ബി.ജെ.പി പ്രവർത്തകർ ബി.ജെ.പി പതാകക്ക് പകരം കാവിഷാളുകൾ അണിഞ്ഞാണ് ഡൽഹിയിലിറങ്ങിയത്. പോളിങ് സ്റ്റേഷന് സമീപം വോട്ടർ സ്ലിപ്പ് വിതരണം ചെയ്യാൻ സ്ഥാപിച്ച ബൂത്തുകളിൽ ഇരുന്ന ബി.ജെ.പി പ്രവർത്തകരും പാർട്ടി പതാകക്ക് പകരം കാവിഷാൾ കഴുത്തിൽകെട്ടി. ബൂത്തിലും പരിസരത്തും ജയ് ശ്രീറാം എന്ന് ​ആലേഖനം ചെയ്ത കാവിക്കൊടികളും കണ്ടു. പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനം ചാനലുകൾ ലൈവായി നൽകുക കൂടി ചെയ്തത് തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.




പോളിങ് ഏജന്റുമാർ ബൂത്തിൽ കടക്കുന്നത് തടഞ്ഞെന്ന് ആപ്

വോട്ടെടുപ്പ് ദിനത്തിലും ഡൽഹി പൊലീസിനെതിരെ ആരോപണവുമായി ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തുവന്നു. പൊലീസ് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും തങ്ങളുടെ ​പോളിങ് ഏജൻന്റുമാരെ തടയുന്നു​വെന്നും രാജ്യസഭ എം.പി രാഘവ് ഛദ്ദ അടക്കമുള്ള നേതാക്കൾ ആരോപിച്ചു. ‘പോളിങ് സ്റ്റേഷന് പുറത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ ഏജന്റുമാരെ അകത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. എത്ര വോട്ടിങ് നടന്നു? ആ ബൂത്തിൽ എന്തെങ്കിലും കള്ളവോട്ടോ ഏതെങ്കിലും തരത്തിലുള്ള തർക്കമോ ഉണ്ടായിരുന്നോ? ഇ.വി.എമ്മുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ, ഇക്കാര്യങ്ങളെല്ലാം ഞങ്ങൾക്കറിയണമെങ്കിൽ ഏജന്റമാർ പോയി വരണം. പൊലീസ് തടയുന്നതായി നിരവധി പോളിങ് സ്റ്റേഷനുകളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്' -ഛദ്ദ പറഞ്ഞു. നല്ലതും ചീത്തയും തമ്മിലുള്ള പോരാട്ടമാണ് ഡൽഹി തെരഞ്ഞെടുപ്പെന്നും പൊലീസ് ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്നുവെന്നും വോട്ട് ചെയ്ത ​ശേഷം ഡൽഹി മുഖ്യമന്ത്രി അതിഷി മാധ്യമങ്ങളോടു പ്രതികരിച്ചു.

ബി.ജെ.പിക്കെതിരെ ആപ്; ആപിനെതിരെ കോൺഗ്രസ്

വോട്ടെടുപ്പ് ദിനത്തിലും ബി.ജെ.പി വോട്ടർമാർക്ക് വ്യാപകമായി പണം വിതരണം ചെയ്തതായും വോട്ടർമാരെ തടഞ്ഞായും ആം ആദ്മി പാർട്ടി ആരോപിച്ചു. എന്നാൽ പ്രചാരണ നാളിൽ കണ്ടതുപോലെ വോട്ടുനാളിലും കോൺഗ്രസ് ബി.ജെ.പിയെ ഒഴിവാക്കി ആക്രമണത്തിന്റെ മുന ആപിന് നേരെ തന്നെ തിരിച്ചുവെച്ചു. വലിയൊരു വിഭാഗവും കേന്ദ്ര സർക്കാർ ജീവനക്കാരുള്ള ന്യൂഡൽഹി നിയമസഭ മണ്ഡലത്തിൽ വോട്ടുദിവസം ആപ് പണം വിതരണം ചെയ്യുന്നത് താൻ കണ്ണുകൊണ്ട് കണ്ടുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും മണ്ഡലത്തിലെ സ്ഥാനാർഥിയുമായ സന്ദീപ് ദീക്ഷിത് രംഗത്തുവന്നു. ബി.ജെ.പി വോട്ടർമാർക്ക് പണം നൽകുന്നുവെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച ആപ് 1000 രൂപ വീതം ആളുകൾക്ക് നൽകുന്നതാണ് താൻ കണ്ടതെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഒരു വിരൽ ആപ് ബി.ജെ.പിക്ക് നേരെ ചൂണ്ടുമ്പോൾ നാല് വിരലുകളും അവർക്ക് നേരെയാണെന്ന് ആപ് ഓർക്കണമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapbjpDelhi Assembly Election 2025Congress
News Summary - Delhi Assembly Election 2025 Updates
Next Story