ഡൽഹിയിൽ ആപ്–കോൺഗ്രസ് സഖ്യമില്ല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യമില്ല. സംസ്ഥാനത്തെ ഏഴ് സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി നേതാവ് പി.സി ചാക്കോ വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. നാല് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്തിയിട്ടുണ്ട്. എല്ലാ സീറ്റിലും ഉടൻ പ്രഖ്യാപനമുണ്ടാകും. ചൊവ്വാഴ്ച ഡൽഹിയിൽ പത്രിക സമർപ്പണം ആരംഭിക്കും. അതേസമയം സഖ്യം അടഞ്ഞ അധ്യായമല്ലെന്നും ചാക്കോ കൂട്ടിേചർത്തു.
ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാത്രി ചേർന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ആപ്പുമായി സഖ്യം വേണ്ടതില്ലെന്നും ഒറ്റക്ക് മത്സരിക്കാമെന്നുള്ള തീരുമാനം കോൺഗ്രസെടുത്തത്. അവസാന നിമിഷം വരെ കോൺഗ്രസ് സഖ്യം ചേരാൻ തയാറായിരുന്നുവെന്നും എന്നാൽ, സഖ്യം തകർത്തത് ആപ് ആണെന്നും പി.സി. ചാക്കോ ആരോപിച്ചു. മൂന്ന് സീറ്റ് കോൺഗ്രസിനും നാല് സീറ്റ് ആപ്പിനും എന്ന നിലയിൽ സീറ്റ് വീതം െവക്കാൻ തയാറായതാണ്. ഇതു സംബന്ധിച്ച് ആപ് രാജ്യസഭ എം.പി സഞ്ജയ് സിങ്ങുമായി നിരവധി തവണ ചർച്ച നടത്തി ധാരണയിലെത്തി. എന്നാൽ, അവർക്ക് പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണം. അവിടത്തെ രാഷ്ട്രീയ സാഹചര്യം വേെറയാണെന്നും അത് ആപ് മനസ്സിലാക്കുന്നില്ലെന്നും പി.സി ചാക്കോ പ്രതികരിച്ചു. ഡൽഹിയിൽ സംസ്ഥാന കമ്മിറ്റിയുടെ താൽപര്യത്തിന് അനുസരിച്ച് മുന്നോട്ടുപോവാൻ രാഹുൽ ഗാന്ധി അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി മണ്ഡലത്തിൽ പി.സി.സി അധ്യക്ഷൻ അജയ് മാക്കന്, ചാന്ദ്നീചൗക്കില് കപില്‍ സിബല്‍, വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ജെ.പി. അഗര്‍വാള്‍, വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രാജ്കുമാര് ചൗഹാന് എന്നിവരെയാണ് കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ 23 ആണ് പത്രിക സമർപ്പിക്കുന്നതിെൻറ അവസാന ദിവസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
