വായു മലിനീകരണം കൂടുന്നു; വിഷപ്പുകയിൽ മുങ്ങി ഡൽഹി
text_fieldsവായുമലിനീകരണത്തെ തുടർന്നുണ്ടായ പുക മഞ്ഞിൽ മൂടിയ ഇന്ത്യാ ഗേറ്റ്
ന്യൂഡല്‍ഹി: ഡൽഹിയിൽ ഒക്ടോബര്‍ മാസാവസാനത്തിലും വായുഗുണനിലവാരം ‘വളരെ മോശം’ അവസ്ഥയില്‍ തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സി.പി.സി.ബി) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 318 ആണ്.
വായു മലീനീകരണത്തെ തുടർന്ന് ഡൽഹി നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യാ ഗേറ്റിൽ വായുഗുണനിലവാര സൂചിക 325 രേഖപ്പെടുത്തിയതും പ്രദേശവാസികളിൽ ആശങ്കയുയർത്തി.
അന്തരീക്ഷ മലിനീകരണവും നഗരത്തിലെ ശൈത്യകാല വായുവും ഒരുമിച്ചത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ അനുകൂല കാലാവസ്ഥയെ തുടർന്ന് ‘വളരെ മോശം’ വിഭാഗത്തിൽ നിന്നും വായുഗുണനിലവാര സൂചിക ‘മോശം’ വിഭാഗത്തിലെത്തിയിരുന്നു. എന്നാൽ ദീപാവലി ആഘോഷം കഴിഞ്ഞതോടെ സ്ഥിതിഗതികൾ വീണ്ടും മോശമാവുകയായിരുന്നു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് എല്ലാവരും മാസ്ക് ധരിക്കണമെന്നും രോഗികൾ വീടുകളിൽ തന്നെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാത്തതാണ് വായു മലിനീകരണം ഉയരുന്നതിന് കാരണം. ഇതിനിടെ ഡൽഹി സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ തീരുമാനിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആം ആദ്മി ആരോപിച്ചു.
ആനന്ദ് വിഹാറിലെ വായുഗുണനിലവാര സൂചികയാണ് ഏറ്റവും ഗുരുതരമായ അവസ്ഥയിലുള്ളത്. ഹോട്ട്സ്പോട്ടുകളിൽ 412 ആണ് എ.ക്യു.ഐ രേഖപ്പെടുത്തിയത്. വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഡല്‍ഹി ഭരണകൂടം അറിയിച്ചിരുന്നു. വായുമലിനീകരണം കുറക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധിയാളുകളെ വിന്യസിച്ചതായും പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

