ജന്തർമന്തറിൽ വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; ഡൽഹി എ സി പിയുടെ സ്ഥാനക്കയറ്റം തടഞ്ഞു
text_fieldsവിവേക് ഭഗവാൻ
ന്യൂഡൽഹി : ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് ഡൽഹി പൊലീസ് അസിസ്റ്റന്റ് കമീഷണർ (എ സി പി) വിവേക് ഭഗവാന്റെ സ്ഥാനക്കയറ്റ ഉത്തരവ് ഡൽഹി സർക്കാർ തടഞ്ഞുവെച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് തങ്ങൾക്ക് നേരെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലൈംഗികാതിക്രമം ഉണ്ടായതായി പരാതി നൽകിയത്.
നേരത്തെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം വിവേക് ഭഗവാൻ ഉൾപ്പെടെ 12 ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡെപ്യൂട്ടി കമീഷൻ ഓഫ് പൊലീസ് (അഡീഷണൽ ഡി സി പി) ആയി താൽക്കാലിക ചുമതല നൽകാൻ തീരുമാനിച്ചിരുന്നു. ഈ പ്രമോഷൻ നടപടികൾക്കെതിരെ മാധ്യമപ്രവർത്തകരും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ, തനിക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിൽ സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെ തനിക്ക് ലഭിച്ച പുതിയ തസ്തികയുടെ ചുമതലകൾ ഏറ്റെടുക്കില്ലെന്ന് എസിപി വിവേക് ഭഗവാൻ സ്വയം സർക്കാരിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മുമ്പ് പുറപ്പെടുവിച്ച പ്രമോഷൻ ഉത്തരവ് ഭേദഗതി ചെയ്യാൻ ഡൽഹി സർക്കാർ തീരുമാനിക്കുകയും ഇതനുസരിച്ച് വിവേക് ഭഗവാന്റെ പേര് ഒഴിവാക്കിക്കൊണ്ട് ബാക്കി 11 ഉദ്യോഗസ്ഥർക്ക് മാത്രമായി പുതിയ സ്ഥാനക്കയറ്റ ഉത്തരവ് ഉടൻ തന്നെ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യും. ഡൽഹി പൊലീസിന് ലഭിച്ച വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ തുടർനടപടികൾക്കായി നിലവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

