ആസിഡ് ആക്രമണക്കേസിൽ വൻട്വിസ്റ്റ്, കെട്ടിച്ചമച്ചത് ബലാത്സംഗക്കേസ് പ്രതിയായ പെൺകുട്ടിയുടെ പിതാവ്
text_fieldsന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായ കേസിൽ വൻ വഴിത്തിരിവ്. പെൺകുട്ടിയുടെ പരാതി നാടകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടി പ്രതികളെന്ന് പറഞ്ഞ മൂന്നുപേരും സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്ന് ഫോൺ കോൾ റെക്കോഡുകളും സി.സി.ടി.വി ഫൂട്ടേജുകളും പരിശോധിച്ച് പൊലീസ് കണ്ടുപിടിച്ചിരുന്നു.
പിതാവിന്‍റെ നിർദേശപ്രകാരം കോളജിലേക്കിറങ്ങിയ പെൺകുട്ടി വീട്ടിൽ നിന്ന് ടോയ്‍ലെറ്റ് ക്ലീനർ എടുത്തിരുന്നു. ഇതുപയോഗിച്ച് സ്വയം കൈ പൊള്ളിച്ചതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവസമയത്ത് പ്രതികളിൽ ഒരാൾ കരോൾ ബാഗിൽ ആയിരുന്നു. മറ്റു രണ്ടു പേരും ആക്രമണ സമയത്ത് ആഗ്രയിൽ ആയിരുന്നു. സംഭവ സ്ഥലത്ത് നിന്നും ആസിഡിന്‍റെ സാന്നിധ്യം പൊലീസിന് കണ്ടെത്താനായില്ല. പെൺകുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു
പരാതിക്കാരി വീട്ടിൽ നിന്ന് സഹോദരൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതും കോളജ് എത്തുന്നതിന് കുറച്ചു മുൻപ് ഇറക്കിവിടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഒരു ഇ-റിക്ഷയിൽ കയറിയാണ് കോളജിലെത്തുന്നത്. സഹോദരൻ പെൺകുട്ടിയെ കോളജിനടുത്ത് ഇറക്കിവിടാത്തത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ സഹോദരൻ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കോളജിലേക്ക് പോകുമ്പോൾ ദിവസങ്ങളായി തന്നെ പിന്തുടർന്ന ജിതേന്ദ്ര എന്ന യുവാവും അയാളുടെ രണ്ട് കൂട്ടാളികളായ അർമാൻ, ഇഷാൻ എന്നിവരും ചേർന്ന് ആസിഡ് ഒഴിച്ചു എന്നാണ് ബി.കോം വിദ്യാർഥിനി നേരത്തെ പറഞ്ഞത്. മുഖത്തേക്ക് ഒഴിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞപ്പോൾ കൈയിൽ പൊള്ളലേറ്റു എന്നായിരുന്നു മൊഴി.
സംഭവത്തിന് രണ്ടു ദിവസം മുൻപ് പെൺകുട്ടിയുടെ പിതാവിനെതിരെ പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞവരിൽ ഒരാളുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പിതാവായ അഖീൽ ഖാന്‍റെ ഫാക്ടറിയിൽ 2021 മുതൽ 2024വരെ ജോലി ചെയ്തിരുന്നുവെന്നും അവിടെ വെച്ച് തന്നെ ബലാൽസംഗം ചെയ്തുവെന്നുമായിരുന്നു യുവതി നൽകിയ പരാതി. തന്‍റെ ഫോട്ടോകളും വീഡിയോകളും എടുത്ത് ബ്ലാക്ക് മെയിൽ ചെയ്തെന്നും പരാതിയിലുണ്ട്.
പ്രതികളെന്ന് യുവതി പറഞ്ഞ മറ്റു രണ്ട് യുവാക്കളുടെ അമ്മയും അഖീൽ ഖാനെതിരെ രംഗത്തെത്തി. 2018ൽ അഖീൽ ഖാന്‍റെ ബന്ധുക്കൾ തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്നാണ് യുവാക്കളുടെ അമ്മ പറഞ്ഞത്. ഇവരും അഖീൽ ഖാനും തമ്മിലുള്ള സ്വത്തു തർക്കം കോടതിയുടെ പരിഗണനയിലാണ്. മകളെ ഉപയോഗിച്ച് അഖീൽ ഖാൻ മൂന്ന് യുവാക്കൾക്കെതിരെ ആസിഡ് ആക്രമണ പരാതി കെട്ടിച്ചമച്ചക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

