കോവിഡ്19: ശാഹീൻബാഗിലെ സമരപന്തലുകൾ പൊലീസ് പൊളിച്ചു നീക്കി
text_fieldsന്യൂഡൽഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം നടക്കുന്ന ശാഹീന്‍ബാഗിലെ സമരപന്തലുകൾ പൊലീസ് പൊളിച്ച് നീക്കി. സമരപന്തലിൽ നിന്നും മാറാൻ വിസമ്മതിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 101 ദിവസങ്ങൾ രാപ്പകൽ സമരം നടന്ന വേദിയാണ് പൊലീസ് പൊളിച്ചു നീക്കിയത്.
കനത്ത പൊലീസ് സുരക്ഷയിൽ ചൊവ്വാഴ്ച രാവിെലയാണ് പൊളിച്ചു മാറ്റൽ നടപടികൾ ആരംഭിച്ചത്. ശാഹീൻബാഗ് ഏരിയയിലുള്ള എല്ലാ സമരപന്തലുകളും പൊളിച്ച് മാറ്റിയിട്ടുണ്ട്. അടച്ചുപൂട്ടൽ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടർന്ന് ഡൽഹി പൊലീസ് സമരപന്തലുകൾ ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും നിയന്ത്രണങ്ങൾ പാലിച്ച് സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമരപന്തലുകൾ മുഴുവനായും പൊളിച്ച് മാറ്റുകയായിരുന്നു.
കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ശഹീൻബാഗിലെ സമരപന്തലിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
വൈറസ് വ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് പ്രക്ഷോഭകർ സമരം തുടർന്നിരുന്നത്. സമരപന്തലിൽ ഒരു സമയം അഞ്ച് പേർ മാത്രമായി ചുരുങ്ങിയിരുന്നു. 70 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവരെ സമര വേദിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സമരക്കാര്‍ക്കായി ബഞ്ചുകളും സാനിറ്റൈസറുകളും സമരപന്തലില്‍ ഒരുക്കുകയും നിശ്ചിത ഇടവേളകളിൽ വേദി അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
സമരപന്തലൊഴിയാൻ നിർദേശം നൽകിയെങ്കിലും പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു സമരക്കാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
