ബി.ജെ.പിക്കു പിന്നാലെ ആർ.എസ്.എസ് ആസ്ഥാനവും സന്ദർശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ; ‘സൗമ്യമായ കീഴടങ്ങലെ’ന്ന് കോൺഗ്രസ് പരിഹാസം
text_fieldsന്യൂഡല്‍ഹി: ബി.ജെ.പിക്കു പിന്നാലെ ആർ.എസ്.എസ് ആസ്ഥാനവും സന്ദർശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ. ഡല്‍ഹി കേശവ് കുഞ്ചിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെമായി ഒരു മണിക്കൂറോളം സംഘം കൂടിക്കാഴ്ച നടത്തി.
സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ബി.ജെ.പി ഓഫിസിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ളവരുമായി കൂടിക്കഴ്ച നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ, ‘സൗമ്യമായ കീഴടങ്ങല്‍’ എന്ന് ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തുവന്നു. ചൈനീസ് പ്രതിനിധികളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തുമ്പോള്‍ ചോദ്യം ചെയ്യുന്ന പതിവ് ബി.ജെ.പിക്കുണ്ടെന്നും എന്നാല്‍ ഇവരുമായുള്ള ബി.ജെ.പിയുടെ സ്വന്തം കൂടിക്കാഴ്ചകളില്‍ എന്താണടങ്ങിയിരുന്നതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് പവൻഖേര ആവശ്യപ്പെട്ടു.
ചൈനയുമായുള്ള ഇടപാടുകളിൽ ബി.ജെ.പി കാണിക്കുന്നത് കാപട്യമാണെന്നും അതിർത്തി ലംഘനങ്ങളെക്കുറിച്ച് ഇത്തരം കൂടിക്കാഴ്ചകളിൽ ചർച്ച നടത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ചൈനയോടുള്ള നയത്തിൽ സർക്കാർ പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യ-ചൈന ബന്ധങ്ങൾ മെച്ചപ്പെട്ടതിനാൽ ചൈനീസ് പ്രതിനിധികളുമായി പരസ്യമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും എന്നാൽ കോൺഗ്രസ് ചൈനയുമായി രഹസ്യമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നുമായിരുന്നു ബി.ജെ.പി പ്രതികരണം. ഒരു വശത്ത് നരേന്ദ്ര മോദി ചൈനയെ രോഷത്തോടെ നോക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത് ബി.ജെ.പി ഓഫിസിൽ ചൈനീസ് നേതാക്കൾക്കായി ചുവന്ന പരവതാനി വിരിക്കുകയാണെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പരിഹാസം
2020ലെ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്‍റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. 2024 ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചർച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പാർട്ടിതല സന്ദർശനം.
ചൈനയുമായുള്ള കോൺഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ ബി.ജെ.പി വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 2018ൽ രാഹുൽ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യ കരാറിൽ ഒപ്പിട്ടുവെന്നായിരുന്നു ബി.ജെ.പി ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

